ഹണി ട്രാപ്പില്‍ പെട്ട് വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

പൂച്ചാക്കല്‍: ഹണി ട്രാപ്പില്‍ പെട്ട അരൂക്കുറ്റിയിലെ വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൂച്ചാക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം അത്തിപ്പൊഴിക്കല്‍ റുക്‌സാന (സോന-36), തൃശൂര്‍ ചേര്‍പ്പ്‌ ഊരകം രാത്തോഡ്‌ വീട്ടില്‍ അമ്പാജി (44) എന്നിവരെയാണ്‌ പിടികൂടിയത്‌.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ:
നാലുമാസം മുമ്പാണ്‌ അരൂക്കുറ്റി സ്വദേശിയായ വ്യവസായിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. തുടര്‍ന്ന്‌ പലരേയും ചോദ്യം ചെയ്‌തിരുന്നു. മരണത്തിന്‌ മുമ്പുള്ള ദിവസങ്ങളില്‍ വീട്ടില്‍ വന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ കണ്ണാടി ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ പേരില്‍ ചിലര്‍ പിരിവിനായി ഇടയ്‌ക്കിടെ വന്നിരുന്നതായി പോലീസ്‌ കണ്ടെത്തിയത്‌.
ഇവരെക്കുറിച്ചുള്ള അനേ്വഷണത്തിലാണ്‌ ഹണി ട്രാപ്‌ സംഘത്തിന്റെ പങ്ക്‌ കണ്ടെത്തിയത്‌. പ്രതികള്‍ നടത്തിയിരുന്ന ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ വ്യവസായി പലതവണ വലിയ തുക നല്‍കിയിരുന്നു. ഇയാള്‍ ജീവനൊടുക്കുന്നതിനു രണ്ടാഴ്‌ച മുമ്പ്‌ പിരിവിനായി വീട്ടില്‍ എത്തിയ റുക്‌സാന ഇദ്ദേഹത്തിന്റെ പക്കല്‍ വലിയ തുക ഉണ്ടെന്ന്‌ മനസിലാക്കി അതു തട്ടിയെടുക്കാന്‍ സജീറുമായി ഗൂഢാലോചന നടത്തി.
തുടര്‍ന്ന്‌ സജീര്‍ സുഹൃത്ത്‌ അമ്പാജിയും റുക്‌സാനയുമൊത്ത്‌ 2021 ഒക്‌ടോബര്‍ 25 ന്‌ പിരിവിനെന്ന്‌ വ്യാജേന കാറില്‍ വീട്ടില്‍ എത്തി. സജീറും അമ്പാജിയും കാറില്‍ ഇരിക്കുകയും റുക്‌സാന വീട്ടിലേക്കു കയറുകയും ചെയ്‌തു. വ്യവസായിയുമായി സംസാരിക്കുന്നതിനിടെ സജീര്‍ വീടിനത്തേക്ക്‌ ഓടിക്കയറി റുക്‌സാന തന്റെ ഭാര്യയാണെന്നും ഇവരും വ്യവസായിയുമായി അവിഹിതബന്ധമാണെന്നും പറഞ്ഞു ബഹളംവയ്‌ക്കുകയും നാട്ടുകാരെ വിളിച്ച്‌ കൂട്ടുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ നൂറ്‌ പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും അമ്പാജിയുടെ സഹായത്തോടെ എടുത്ത്‌ കൊണ്ട്‌ പോകുകയായിരുന്നു. പിന്നീടു തൃശൂരിലെത്തി അമ്പാജിക്ക്‌ സ്വര്‍ണം വില്‍ക്കുകയിരുന്നു. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം വീണ്ടും ഇവര്‍ വ്യവസായിയുടെ വീട്ടിലെത്തി 50 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ കുടുംബത്തില്‍ നടക്കുന്ന വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ്‌ വ്യവസായി ആത്മഹത്യ ചെയ്‌തത്‌. മരണ വിവരമറിഞ്ഞ പ്രതികള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ മുങ്ങുകയായിരുന്നു. പിന്നീട്‌ തിരുവനന്തപുരത്തെ വഞ്ചനാകേസില്‍ പ്രതിയായ സജീറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാന്‍ഡ്‌ ചെയ്‌തു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ റുക്‌സാനക്ക്‌ ഒപ്പം പല സ്‌ഥലങ്ങളില്‍ ആര്‍ഭാട ഫ്‌ളാറ്റുകളില്‍ താമസിച്ച്‌ വരുകയായിരുന്നു. ഇതിനിടെ എറണാകുളത്തുനിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌.
സജീറിനെതിരേ വാടാനപ്പള്ളി, ചാവക്കാട്‌, തിരുവനന്തപുരം എന്നീ സ്‌റ്റേഷനുകളില്‍ കേസുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ രണ്ട്‌ വര്‍ഷത്തോളമായി റുക്‌സാനയോടെപ്പമാണ്‌ കഴിയുന്നത്‌. റുക്‌സാന വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന എറണാകുളത്തെ ഹണി ട്രാപ്പ്‌ കേസിലെ പ്രതിയാണ്‌. ഇവര്‍ ഭര്‍ത്താവുമായി അകന്ന്‌ കഴിയുകയാണ്‌. സ്വര്‍ണം വിറ്റ്‌ ലഭിച്ച പണം സജീര്‍ മുന്‍പ്‌ പ്രതിയായിട്ടുള്ള കേസുകള്‍ ഒത്തുതീര്‍ക്കാനും ആര്‍ഭാട ജീവിതം നയിക്കാനുമാണ്‌ ഉപയോഗിച്ചത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. മുഖ്യപ്രതി സജീറിനെ വിശദമായ അനേ്വഷണത്തിനായി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. ചേര്‍ത്തല ഡിവൈ.എസ്‌.പി: ടി.ബി വിജയന്റെ നേതൃത്തിലുള്ള പ്രത്യേക അനേ്വഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here