ബിജെപി വിജയം ആഘോഷിച്ച മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 4 പേർ അറസ്റ്റിൽ

0

യുപി കുശിനഗറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയം ആഘോഷിച്ച മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മരിച്ച ബാബർ അലിയുടെ(20) ബന്ധുക്കൾ ആരോപിച്ചു. അതേസമയം ബാബറിന്റെ ബന്ധുക്കൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് ബാബർ അലി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബാബർ ചികിത്സയ്ക്കിടെ മാർച്ച് 25ന് മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ ഗോരഖ്പൂർ റേഞ്ച് ഡിഐജി കുശിനഗറിൽ ക്യാമ്പ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം രവീന്ദർ ഗൗർ ഏറ്റെടുക്കുകയും സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ നീക്കുകയും ചെയ്തു.

അതേസമയം വധഭീഷണിയെക്കുറിച്ച് ഇര പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എഎൻഐയോട് പറഞ്ഞു. പൊലീസ് വീഴ്ച കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ബാബറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അന്വേഷണം നീതിയുക്തമാകണമെന്നും അലംഭാവം കാണിക്കരുതെന്നും നിർദേശിച്ചു.

Leave a Reply