മരടില്‍ അനധികൃത ഫ്‌ളാറ്റ് പൊളിച്ച രീതിയില്‍ നോയിഡയിലും കെട്ടിടം പൊളിക്കുന്നു

0

നോയിഡ: മരടില്‍ അനധികൃത ഫ്‌ളാറ്റ് പൊളിച്ച രീതിയില്‍ നോയിഡയിലും കെട്ടിടം പൊളിക്കുന്നു. നോയിഡയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ 40 നിലകളുള്ള ഇരട്ട കെട്ടിടമാണ് മെയ് 22നു പൊളിക്കുന്നത്. നൂറ് മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ നാല് ടണ്‍ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും ഒന്‍പത് സെക്കന്റിനുള്ളില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൊളിക്കല്‍ നടപടികള്‍ നടക്കുന്ന ദിവസം ടവറുകള്‍ക്ക് സമീപം താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ അഞ്ച് മണിക്കൂറോളം വീടുകളില്‍ നിന്ന് മാറ്റുമെന്നും അവര്‍ പറഞ്ഞു. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം ഇതിന്റെ ഭാഗമായി ഒരുമണിക്കൂറോളം അടച്ചിടും. സുരക്ഷാ ഉദ്യേഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും.
സൂപ്പർടെക് എമറാൾഡ് കോർട്ടിന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിര്‍മ്മാണത്തിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന 2014 ഏപ്രിലിലെ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here