എന്റെ പൊന്നുമോള്‍ ഇപ്പോഴാണ് ഒരു പെണ്‍കുട്ടിയായത്, ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു; റാണി നൗഷാദിന്റെ കുറിപ്പ്

0

പിതാവിനെ കുറിച്ച് റാണി നൗഷാദ് പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താന്‍ ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു എന്നാണ് റാണി പറയുന്നത്. പത്താം വയസ്സില്‍ വയസറിയിച്ച നാളിലെ സങ്കടങ്ങള്‍ക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റ് ഉണ്ട്. അതിനോളം ധൈര്യം ജീവിതത്തില്‍ ഇന്നോളം കിട്ടിയിട്ടില്ല…. എന്റെ പൊന്നുമോള്‍ ഇപ്പോഴാണ് ഒരു പെണ്‍കുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…! പെണ്ണെന്നാല്‍ അഭിമാനമാണ് എന്ന വാക്കുകള്‍ തന്ന സ്‌നേഹത്തോളം വലുതായി പിന്നീട് ഒരിക്കലും ഒന്നിനും എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം, ജീവിതത്തില്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു… ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ഒപ്പം നിന്നു സപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലില്‍ സ്വന്തം വരുമാനത്തില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു….പത്തു നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പാണെന്ന് ഓര്‍ക്കണം…. ഒറ്റപ്പുത്രന്‍ ആയിട്ട് വളര്‍ന്നതിന്റ ബുദ്ദിമുട്ടുകള്‍ അറിഞ്ഞതു കൊണ്ടാവാം വാപ്പച്ചി എപ്പോഴും എന്നെക്കുറിച്ച് പറയുമ്പോള്‍ ആണായിട്ടും പെണ്ണായിട്ടും എനിക്കാകെ ഉള്ളത് നീയാണ് എന്ന് ഓര്‍മ്മപ്പെടുത്തുമായിരുന്നു….ആണോ പെണ്ണോ എന്നുള്ളതല്ല, ആണായിട്ടും പെണ്ണായിട്ടും എന്നാണ് കേട്ടു വളര്‍ന്നത്… അതുകൊണ്ടാവും അങ്ങനെയായിപ്പോയത്…

ഇഷ്ടമുള്ള വസ്ത്രം മാന്യമായി ധരിക്കാന്‍ ആരെയും ഭയക്കേണ്ടതില്ല എന്നു പഠിപ്പിച്ചതും, നീട്ടിവളര്‍ത്തിയ നഖങ്ങളെ മനോഹരമാക്കാന്‍ കടും നിറത്തിലുള്ള ക്യൂട്ടെസ്സ് വാങ്ങി തന്നതും വാപ്പച്ചി തന്നെയായിരുന്നു…. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണമെന്നും, ഭയപ്പെടാതെ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പഠിക്കണമെന്നും ഇടയ്ക്കിടെ പറഞ്ഞു തന്നു….വാപ്പച്ചിക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലായിരുന്നു… പലപ്പോഴും വാപ്പച്ചി കട അടച്ചിറങ്ങുന്ന രാത്രികളില്‍ വാപ്പച്ചിയെ പിന്നിലിരുത്തി ഒരു ഒന്‍പതാം ക്ലാസുകാരി സൈക്കിള്‍ ചവിട്ടി കഴക്കൂട്ടത്തെ റോഡുകളെ മറികടന്നിട്ടുണ്ട്….സ്‌പോര്‍ട്‌സും ഗെയിംസും താല്‍പ്പര്യമാണെന്നറിഞ്ഞ കാലത്ത് ഷോര്‍ട്‌സുകളും, ടീ ഷര്‍ട്‌സും വാങ്ങി തന്നു…. വസ്ത്രവ്യാപാരി ആയതിനാലാവാം ഏറ്റവും ചേരുന്ന നിറങ്ങള്‍ ധരിക്കാനും, ആ വസ്ത്രങ്ങളില്‍ സുന്ദരിയായിരിക്കാനും പറഞ്ഞു തന്നു…പത്താം വയസ്സില്‍ വയസറിയിച്ച നാളിലെ സങ്കടങ്ങള്‍ക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റ് ഉണ്ട്. അതിനോളം ധൈര്യം ജീവിതത്തില്‍ ഇന്നോളം കിട്ടിയിട്ടില്ല….

എന്റെ പൊന്നുമോള്‍ ഇപ്പോഴാണ് ഒരു പെണ്‍കുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…! പെണ്ണെന്നാല്‍ അഭിമാനമാണ് എന്ന വാക്കുകള്‍ തന്ന സ്‌നേഹത്തോളം വലുതായി പിന്നീട് ഒരിക്കലും ഒന്നിനും എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല..പിന്നീട് ഉണ്ടായ ശാരീരിക മാറ്റങ്ങളില്‍ ഷോള്‍ഡറുകള്‍ മുന്നോട്ടു തള്ളി മുതുകു കൊണ്ടു കൂനിപ്പിടിച്ചുള്ള നടത്തമായിരുന്നു….അന്നും വാപ്പച്ചി പറഞ്ഞു തല ഉയര്‍ത്തി ഷോള്‍ഡര്‍ ലെവലാക്കി നടക്കണം, കൂനിക്കെടച്ച് നടക്കുന്നത് പെണ്‍കുട്ടികള്‍ക്ക് നല്ലതല്ലെന്ന്….എന്തൊരു മനുഷ്യനായിരുന്നു….!നാടകവും, സ്‌പോര്‍ട്‌സും,കോച്ചിങ്ങും, ഒക്കെയായി വിശാലമായൊരു ലോകം സ്വാതന്ത്രമായി മുന്നിലുണ്ടെന്നും, നമ്മള്‍ നമ്മളായിക്കണ്ടു കൊണ്ടു , മൂല്യങ്ങള്‍ ഉപേക്ഷിക്കാതെ അഭിമാനത്തോടെ ജീവിച്ചാല്‍ ജീവിതം മനോഹരമാണെന്നും പഠിപ്പിച്ചു തന്ന ആദ്യത്തെ പുരുഷന്‍…. രണ്ടാമത്തെ പുരുഷന്‍ ഭര്‍ത്താവായി ജീവിതത്തില്‍ വന്നപ്പോള്‍ അദ്ദേഹവും ഫെമിനിസം പറഞ്ഞു….സ്വപ്നങ്ങള്‍ നേടേണ്ടതാണെന്നു പഠിപ്പിച്ചു…. സര്‍വ്വ സ്വാതന്ത്ര്യങ്ങളും തുല്യമായി വീതിച്ചു…. സുഹൃത്തുക്കള്‍ അവരുടെ ഭാര്യമാര്‍ക്ക് അനുവദിച്ചു കൊടുക്കണമായിരുന്ന പലതും, ഞാന്‍ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചു… ഇഷ്ടമുള്ളതും സന്തോഷമുള്ളതുമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു… ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലെ വീഴ്ചകള്‍ കണ്ടാല്‍ ആദ്ദേഹം അതു ചൂണ്ടികാണിച്ചു. കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രോത്സാഹനം തന്നു. പലപ്പോഴും അതിനു വേണ്ടി സമയം കണ്ടെത്തി….

മകനും അതേ കാര്യങ്ങള്‍ തുടര്‍ന്നു…മോളോട് അവളുടെ താല്പര്യങ്ങളെ ചോദിച്ചറിഞ്ഞു,അതിനെ ബഹുമാനിക്കാനും അവളെ അങ്ങനെ തന്നെ മുന്നോട്ടു പോകാനും പ്രേരിപ്പിച്ചു…..ഞങ്ങള്‍ മൂന്നു പെണ്ണുങ്ങളും ജീവിതം ഇഷ്ടത്തോടെ കൊതിയോടെ ജീവിക്കുകയാണ്….അതിനു കാരണം ഞങ്ങളുടെ കുടുംബത്തിലെ ഓരോ മനുഷ്യര്‍ക്കും ചെയ്യാന്‍ കഴിയും എന്നു തോന്നിയ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് അതിനെ എക്‌സല്‍ ചെയ്യിച്ചു എന്നത് മാത്രമാണ്….പരിധിയും പരിമിതിയും ഇല്ലാതായാല്‍ നന്നാവുന്ന ഒരു ലോകം. അതിന്റെ താക്കോല്‍ ഇരിക്കുന്നത് സ്വന്തം കുടുംബങ്ങളിലും… മനുഷ്യനായിരിക്കുക എന്നു മാത്രം ചിന്തിച്ചാല്‍ മതി….അതിനോളം സമത്വവും സമാധാനവും സൗന്ദര്യവും മറ്റെന്തിനാനുള്ളത്….!

LEAVE A REPLY

Please enter your comment!
Please enter your name here