ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ പോലീസ്‌ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

0

കൊച്ചി: ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ പ്രതി ജോണ്‍ ബിനോയ്‌ ഡിക്രൂസിനെ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ പോലീസ്‌ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ ചോദ്യംചെയ്യലിനും കൊലപാതകം നടന്ന കലൂരിലെ ഹോട്ടലില്‍ വിശദമായ തെളിവെടുപ്പിനുമാണു കസ്‌റ്റഡി അപേക്ഷ.
കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി സിപ്‌സി(50)യുടെ കാമുകനാണു ജോണ്‍. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്‌.
സിപ്‌സിയ്‌ക്കെതിരേ ബാലനീതി നിയമപ്രകാരം കേസെടുക്കുന്നതു പരിശോധിക്കുമെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു. കുട്ടിയുടെ സഹോദരനായ അഞ്ചുവയസുകാരനില്‍നിന്നും അമ്മ ഡിക്‌സിയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും.
മൂത്തകുട്ടിയുടെ സംരക്ഷണം ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അമ്മയെ ഏല്‍പ്പിച്ചു. അങ്കമാലി പാറക്കടവ്‌ കോടുശേരി മനന്താനത്ത്‌ വീട്ടില്‍ സജീഷിന്റെയും ഡിക്‌സിയുടെയും ഇളയകുഞ്ഞ്‌ നോറ മരിയ കഴിഞ്ഞ തിങ്കളാഴ്‌ചയാണു കൊല്ലപ്പെട്ടത്‌. സജീഷിന്റെ മാതാവ്‌ സിപ്‌സിയും പ്രതി ജോണും അടുപ്പത്തിലായിരുന്നു. ജോണിന്റെ കുഞ്ഞാണു നോറയെന്നാരോപിച്ച്‌ സിപ്‌സി അപമാനിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണു കൊലപാതകം നടത്തിയതെന്നാണു പോലീസ്‌ കണ്ടെത്തല്‍. കുട്ടിയുടെ സംരക്ഷണച്ചുമതല ഇവര്‍ക്കു ലഭിച്ചതെങ്ങനെയെന്നു വിശദമായി അനേ്വഷിക്കും.
സിപ്‌സിക്കെതിരേ അങ്കമാലി പോലീസ്‌ സ്‌റ്റേഷനില്‍ മര്‍ദനക്കേസും ചാലക്കുടി സ്‌റ്റേഷനില്‍ സ്‌കൂട്ടര്‍ മോഷണക്കേസുമുണ്ട്‌. കുട്ടിയുടെ കൊലപാതകത്തില്‍ സിപ്‌സിക്കു പങ്കില്ലെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. ഭര്‍തൃമാതാവായ സിപ്‌സി തന്റെ മക്കളെ കഞ്ചാവ്‌ വില്‍പ്പന, മോഷണം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു മറയാക്കിയിരുന്നതായി ഡിക്‌സി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here