സംസ്‌ഥാനത്തു വിലക്കയറ്റം യാഥാര്‍ഥ്യമാണെന്നു നിയമസഭയില്‍സമ്മതിച്ച്‌ മന്ത്രി ജി.ആര്‍. അനില്‍

0

തിരുവനന്തപുരം : സംസ്‌ഥാനത്തു വിലക്കയറ്റം യാഥാര്‍ഥ്യമാണെന്നു നിയമസഭയില്‍സമ്മതിച്ച്‌ മന്ത്രി ജി.ആര്‍. അനില്‍. ഇന്ധനവിലവര്‍ധന ചരക്ക്‌ നീക്കം ചെലവേറിയതാക്കി. രാജ്യത്താകമാനം വിലക്കയറ്റത്തിനുമിടയാക്കി. കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ട്‌. എന്നാല്‍ ഉല്‍പാദനമുള്ള മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടെ നേരിയ വിലക്കയറ്റമേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
വരാനിക്കുന്ന കാലം അപകടം പിടിച്ചതാണെന്നും അതുകൊണ്ട്‌ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണവും പൊതുവിപണിയില്‍ കാര്യക്ഷമമായ ഇടപെടലും വേണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റവും പൊതുവിപണിയിലെ ഇടപെടലും സംബന്ധിച്ച്‌ റോജി എം. ജോണിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന്റെ ചര്‍ച്ചയിലാണ്‌ സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ വ്യക്‌തമാക്കിയത്‌. സപ്ലൈകോവഴി സാധനങ്ങള്‍ വിലകുറച്ചാണ്‌ വിതരണം ചെയ്യുന്നതെന്ന്‌ മന്ത്രി അനില്‍ പറഞ്ഞു. 16 ഇന അവശ്യവസ്‌തുക്കള്‍ക്ക്‌ ആറുവര്‍ഷമായി വില ഉയര്‍ത്തിയിട്ടില്ല. പൊതുവിപണിയില്‍ സപ്ലൈകോയില്‍നിന്നും അവശ്യവസ്‌തുക്കള്‍ക്ക്‌ 50 രൂപ മുതല്‍ മുകളില്‍ വ്യത്യാസമുണ്ടെന്നും കണക്കുകള്‍ ഉദ്ധരിച്ച്‌ മന്ത്രി അവകാശപ്പെട്ടു. കേരളത്തില്‍ സംഭരിച്ച 7.50 ലക്ഷം മെട്രിക്‌ ടണ്‍ നെല്ല്‌ അരിയാക്കി മിതമായ വിലയില്‍ റേഷന്‍കടകളിലൂടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിപിണയില്‍ വലിയ വിലയാണെന്ന്‌ മന്ത്രി തന്നെ സമ്മതിച്ചതായി റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി. സപ്ലൈകോയില്‍ ചില ഉല്‍പന്നങ്ങള്‍ക്ക്‌ പൊതുവിപണിയിലേതിനെക്കാള്‍ വിലയാണ്‌. മുളകിനേയും മറ്റും കുറിച്ച്‌ വ്യാപകമായ പരാതിയുണ്ട്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങളോട്‌ ഒരു സഹാനുഭൂതിയും ഇല്ലാത്ത സര്‍ക്കാരാണ്‌ കേന്ദ്രത്തിലേത്‌, അതേ നിലപാടാണ്‌ ഇവിടേയും. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ കിറ്റും നിര്‍ത്തലാക്കിയെന്നും റോജി പറഞ്ഞു. സപ്ലൈകോയിലെ ഉല്‍പ്പന്നങ്ങളുടെ നിലവാരം ഒന്നിച്ചുപോയി പരിശോധിക്കാമെന്ന്‌ ഇതിന്‌ മന്ത്രി ജി.ആര്‍. അനില്‍ മറുപടിയും നല്‍കി.
മന്ത്രിയുടെ മറുപടിയില്‍ നടപടികളില്ലെന്ന്‌ പ്രതിപക്ഷ ബെഞ്ചില്‍നിന്ന്‌ പ്രതിഷേധസ്വരം ഉയര്‍ന്നെങ്കിലും പ്രതിപക്ഷനേതാവ്‌ സമന്വയത്തിന്റെ പാതയാണ്‌ സ്വീകരിച്ചത്‌. സപ്ലൈകോയില്‍ കഴിഞ്ഞ ആറുവര്‍ഷം 13 ഇനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാത്തതിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here