എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക്‌ എ.ഐ.സി.സി. സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്‌ണനെ കെട്ടിയിറക്കി ഹൈക്കമാന്‍ഡ്‌

0

തിരുവനന്തപുരം : എ.കെ. ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക്‌ എ.ഐ.സി.സി. സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്‌ണനെ കെട്ടിയിറക്കി ഹൈക്കമാന്‍ഡ്‌. ഏകപക്ഷീയനീക്കത്തിനെതിരേ സംസ്‌ഥാനനേതൃത്വത്തില്‍ രോഷം പുകയുന്നു. കേരളത്തില്‍നിന്ന്‌ നിര്‍ദേശിക്കുന്ന സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ശ്രീനിവാസന്റെ പേരും ഉള്‍പ്പെടുത്തണമെന്നാണു ഹൈക്കമാന്‍ഡ്‌ നിര്‍ദേശം. പട്ടികയില്‍നിന്നു സ്‌ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡാകും.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ ചാലക്കുടിയില്‍നിന്നു ശ്രീനിവാസനെ മത്സരിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ്‌ നിര്‍ദേശം വന്‍വിവാദമായിരുന്നു. പ്രതിഷേധത്തേത്തുടര്‍ന്ന്‌ ഹൈക്കമാന്‍ഡിന്‌ ആ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ (57) ‘പ്രിയങ്ക ബ്രിഗേഡി’ലെ അംഗമായാണ്‌ അറിയപ്പെടുന്നത്‌. എ.ഐ.സി.സി. നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന അദ്ദേഹം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌ മുന്‍ ഉദ്യോഗസ്‌ഥനാണ്‌. 1995-ല്‍ കെ. കരുണാകരന്‍ കേന്ദ്രമന്ത്രിയായിരിക്കേ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചു. നിലവില്‍ തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്‌.
കേരളത്തില്‍ പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കുന്ന നിരവധി നേതാക്കളുണ്ടായിരിക്കേ ഹൈക്കമാന്‍ഡ്‌ നോമിനിയെ കെട്ടിയിറക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നാണു സംസ്‌ഥാനഘടകത്തിന്റെ പൊതുനിലപാട്‌. രാജ്യസഭാ സീറ്റൊഴിയുന്ന മുതിര്‍ന്നനേതാവ്‌ എ.കെ. ആന്റണിയുടെ അഭിപ്രായം തേടിയേക്കുമെങ്കിലും അദ്ദേഹം ഹൈക്കമാന്‍ഡ്‌ തീരുമാനത്തെ എതിര്‍ക്കാനിടയില്ല. അതുകൊണ്ടുതന്നെ ശ്രീനിവാസനു നറുക്കുവീഴുമെന്നു കോണ്‍ഗ്രസ്‌ സംസ്‌ഥാനനേതൃത്വം കരുതുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിനു ജയിക്കാവുന്ന ഏക രാജ്യസഭാ സീറ്റിന്‌ അവകാശവാദവുമായി നിരവധി നേതാക്കള്‍ രംഗത്തുള്ളപ്പോഴാണു ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിതനീക്കം. കെ.വി. തോമസ്‌ അടക്കമുള്ള മുതിര്‍ന്നനേതാക്കള്‍ സ്‌ഥാനാര്‍ഥിത്വത്തിനു ചരടുവലിക്കുന്നുണ്ട്‌.
ഷാഫി പറമ്പില്‍ ഉള്‍പ്പെടെ യുവനേതാക്കളുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എം.എം. ഹസനെ രാജ്യസഭയിലേക്കയച്ച്‌ കെ.സി. ജോസഫിനെ യു.ഡി.എഫ്‌. കണ്‍വീനറാക്കുന്ന ഫോര്‍മുലയും കെ.പി.സി.സി. നേതൃത്വം പരിഗണിച്ചിരുന്നു.
ഘടകകക്ഷികളില്‍നിന്നു സി.എം.പി. നേതാവ്‌ സി.പി. ജോണും ആര്‍.എസ്‌.പിയുമൊക്കെ സീറ്റിന്‌ അവകാശവാദമുന്നയിക്കുന്നുണ്ട്‌. കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി, ഇടതുമുന്നണിയുടെ രണ്ട്‌ സീറ്റിലേക്കു സി.പി.എമ്മും സി.പി.ഐയും യുവനേതാക്കളെ അയയ്‌ക്കാന്‍ തീരുമാനിച്ചു.
ഈ സാഹചര്യത്തില്‍ എം. ലിജുവിനെ പരിഗണിക്കാന്‍ കെ.പി.സി.സി. തയാറായപ്പോഴാണ്‌ ഡല്‍ഹിയില്‍നിന്നുള്ള ഇടപെടല്‍. ഇന്നലെ രാവിലെ ലിജുവിനൊപ്പം കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയെ കാണുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here