ഭാര്യ മട്ടൻ കറി വെക്കുന്നില്ലെന്ന പരാതിയുമായി പോലീസ് കണ്ട്രോൾ റൂമിലേക്ക് തുടർച്ചയായി വിളിച്ചയാൾ പിടിയിൽ

0

ഭാര്യ മട്ടൻ കറി വെക്കുന്നില്ലെന്ന പരാതിയുമായി പോലീസ് കണ്ട്രോൾ റൂമിലേക്ക് തുടർച്ചയായി വിളിച്ചയാൾ പിടിയിൽ. തെലങ്കാനയിലെ നൽഗൊണ്ടയ്ക്കടുത്താണ് സംഭവം. നൽഗൊണ്ട കനഗലിലെ ചെർള ഗൗരാരം ഗ്രാമത്തിലെ നവീൻ എന്നയാളാണ് പിടിയിലായത്. ഭാര്യ മട്ടൻ കറി വെക്കുന്നില്ലെന്ന പരാതിയുമായി ഇയാൾ തുടർച്ചയായി പൊലീസ് കൺട്രോൾ റൂമിൻറെ 100 എന്ന നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തുടർച്ചയായി ആറ് തവണ വിളിച്ചതോടെ ശനിയാഴ്ച്ച രാവിലെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ തലേന്ന് മദ്യലഹരിയിൽ താൻ നൂറിലേക്ക് വിളിച്ചതൊന്നും നവീന് ഓർമ്മയില്ലായിരുന്നു. എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു.

പക്ഷെ സംഭവം നിസാരമായി കാണാൻ പൊലീസ് ഒരുക്കമായിരുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 290, 510 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമുള്ള വകുപ്പുതശാണിവ. സെക്ഷൻ 290 പ്രകാരം പിഴ ചുമത്തപ്പെടുമ്പോൾ, സെക്ഷൻ 510 ഒരു ദിവസത്തെ തടവും അല്ലെങ്കിൽ പിഴയും ചുമത്തപ്പെടാം.

വെള്ളിയാഴ്ച രാത്രി മദ്യപിച്ച് ആട്ടിറച്ചിയുമായി വീട്ടിലേക്ക് മടങ്ങിയ നവീൻ അത് പാകം ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ തുടച്ചയായി മദ്യപിച്ചെത്തുന്ന നവീൻറെ സ്വഭാവം കാരണം ഭാര്യ അത് ചെയ്യാൻ വിസമ്മതിച്ചു. ഇതേത്തുടർന്നാണ് നൂറിൽ വിളിച്ച് പരാതി പറഞ്ഞത്. തുടർച്ചയായി ആറു തവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഇയാൾ ശല്യം ചെയ്തു. ഇതോടെയാണ് നവീനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചത്. പിറ്റേ ദിവസം രാവിലെ തന്നെ പൊലീസ് സംഘം നവീൻറെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

അപകടമുണ്ടാകുമ്പോഴോ അടിയന്തര സാഹചര്യങ്ങളിലോ ആളുകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഫോൺ നമ്പരാണ് 100. ഈ ​​സൗകര്യം ദുരുപയോഗം ചെയ്യരുതെന്ന് കണഗൽ എസ്‌ഐ നാഗേഷ് പറയുന്നു. അപ്രസക്തമായ ഒരു കാര്യത്തിന് 100ൽ വിളിച്ച് പോലീസുകാരുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് നവീനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here