തിരുവല്ലം സ്‌റ്റേഷനില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സുരേഷിന്റെ ശരീരത്തില്‍ സംശയാസ്‌പദമായി ചതവുകള്‍; അന്വേഷണം സി.ബി.ഐക്ക്

0

തിരുവനന്തപുരം : തിരുവല്ലം സ്‌റ്റേഷനില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സുരേഷിന്റെ ശരീരത്തില്‍ സംശയാസ്‌പദമായി ചതവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കേസ്‌ ഫയല്‍ ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘം ഉടന്‍ സി.ബി.ഐക്ക്‌ കൈമാറും. കസ്‌റ്റഡി മരണം ഉണ്ടായാല്‍ കേസ്‌ സി.ബി.ഐക്കു വിടണമെന്നാണു സര്‍ക്കാര്‍ ഡി.ജി.പിക്കു നല്‍കിയിരുന്ന നിര്‍ദേശം.
ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി: എസ്‌.ശ്രീജിത്തും സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്‌തിരുന്നു. മരിച്ച സുരേഷിന്റെ ശരീരത്തില്‍ 12 ചതവുണ്ടെന്നും ഇത്‌ മരണകാരണമായേക്കാമെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്‌ സ്‌റ്റേഷന്‍ എസ്‌.ഐമാരായ വിപിന്‍ പ്രകാശ്‌, വൈശാഖ്‌, ഗ്രേഡ്‌ എസ്‌.ഐ: സജീവ്‌ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യുകയും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സുരേഷ്‌ വി.നായര്‍ക്ക്‌ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തിരുന്നു.
ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതമാണു മരണകാരണമെന്നും ലോക്കല്‍ പോലീസ്‌ അവകാശപ്പെട്ടിരുന്നെങ്കിലും ക്രൈംബ്രാഞ്ച്‌ അക്കാര്യം നിഷേധിച്ചിരുന്നു.
താടിയെല്ലിനുതാഴെ കഴുത്തിന്റെ വലതുവശത്തും വലതുതുടയുടെ പിന്‍ഭാഗത്തും മുതുകിനു മുകളിലും താഴെയുമായി ആറോളം ചതവുകള്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ ചതവുകള്‍ കസ്‌റ്റഡിയിലെടുത്തശേഷം ഉണ്ടായതാണോ അതോ സംഭവസ്‌ഥലത്തുവച്ച്‌ സുരേഷിനെ പോലീസ്‌ മര്‍ദിച്ചപ്പോള്‍ ഉണ്ടായതാണോ എന്ന കാര്യമാണ്‌ ഇനി അറിയാനുളളത്‌. സുരേഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതിലും പോലീസിനു വീഴ്‌ച സംഭവിച്ചിരുന്നു. കേസ്‌ സി.ബി.ഐ.ക്കു വിടണമെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here