തമിഴ്നാട് മുൻ മന്ത്രി വൈത്തിലിംഗത്തിന്റെ 101 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

0

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഒറത്തനാട് എംഎൽഎ ആർ വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചെന്നൈ സോണൽ ഓഫീസ് താൽക്കാലികമായി കണ്ടുകെട്ടിയത്. 2011 നും 2016 നും ഇടയിൽ എഐഎഡിഎംകെ ഭരണത്തിൽ ഭവന, നഗര വികസന മന്ത്രിയായിരുന്നു വൈത്തിലിംഗം. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എം/എസ് മുത്തമ്മൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്വത്തുക്കൾ ഉള്ളതെന്ന് ഇഡി പറഞ്ഞു. 2022 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ജനുവരി 9 ന് അറ്റാച്ച്മെൻ്റ് നടത്തിയത് .

വൈത്തിലിംഗത്തിനെതിരെ ഐപിസി സെക്ഷൻ 120 ബി, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരം ചെന്നൈയിലെ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചത്.

ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് ആസൂത്രണ അനുമതി നൽകുന്നതിന് പകരമായി ശ്രീറാം പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 27.90 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. തിരുച്ചിയിലെ വിവിധ സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കാൻ അനധികൃത ഫണ്ടുകൾ ഉപയോഗിച്ചു, ഇവയൊക്കെ ഇപ്പോൾ താൽക്കാലികമായി കണ്ടുകെട്ടി. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇഡി കൂട്ടിച്ചേർത്തു.

ചരിത്രം, അഭിമാനം; സ്പേസ് ഡോക്കിംഗ് സമ്പൂർണ വിജയം; ഭ്രമണപഥത്തിൽ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചു; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം

0

ബെം​ഗളൂരു: ചരിത്രതാളുകളിൽ വീണ്ടും തിളങ്ങി ഇസ്രോ. അതിസങ്കീർണമായ ഡോക്കിം​ഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ഇസ്രോയുടെ ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ പാകുന്നതിൽ നിർണായകമായ സാങ്കേതികവിദ്യയാണ് വിജയം കണ്ടിരിക്കുന്നത്.

2024 ഡിസംബർ 30-നാണ് ചേസർ, ടാർ‌​ഗറ്റ് എന്നീ രണ്ട് ഉപ​ഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ചത്. 220 കിലോ ഭാരമുള്ള ഉപ​ഗ്രഹങ്ങളെ ‌ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒൻപതിനും ഡോക്കിം​ഗ് നിശ്ചിയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ ഇതി മാറ്റി വയ്‌ക്കുകയായിരുന്നു. വളരെ ജാ​ഗ്രതയോടെയാണ് ശാസ്ത്രജ്ഞർ‌ പരീക്ഷണം നടത്തിയത്. വെല്ലുവിളികൾ ഉടനീളം ഉണ്ടായിരുന്നെങ്കിൽ കൃത്യതയോടെ ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രമെഴുതാൻ ഇസ്രോയ്‌ക്ക് സാധിച്ചു.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് ഏറെ വെല്ലുവിളി നിറഞ്ഞ സ്പെയ്ഡെക്സ് ദൗത്യം. വിവിധ ഭാ​ഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചാൽ മാത്രമേ ഭാരതീയ അന്തരീക്ഷ നിലയം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ. ഡോക്കിം​ഗ് വഴിയാകും കൂട്ടിയോജിപ്പിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും പുത്തൻ സാങ്കേതികവിദ്യ. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്‌ക്കുന്നതിനും നവീകരിക്കുന്നതിനും ഡോക്കിംഗ് പ്രയോജനപ്പെടും.

മത്സ്യബന്ധന മേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഉയർത്തി; ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം; വാർത്ത പങ്കുവെച്ച് സുരേഷ് ഗോപി

0

ന്യൂഡൽഹി: മത്സ്യ ബന്ധനമേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. 92.59 ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വർദ്ധനയാണിത്.

നേരത്തെ അനുവദിച്ച 648 കിലോലിറ്ററിന് പുറമേ 600 കിലോലിറ്റർ കൂടി അധികമായി അനുവദിക്കുകയായിരുന്നു. ഇതോടെ മൊത്തം 1248 കിലോലിറ്റർ മണ്ണെണ്ണ ലഭിക്കും. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ചരിത്രപരമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

2024-25 വർഷത്തിലേക്കുള്ള അധിക മണ്ണെണ്ണയ്‌ക്കായുള്ള കേരളത്തിന്റെ അപേക്ഷയിലാണ് നടപടി. നോൺ പിഡിഎസ് ഇനത്തിലാണ് ഈ വിഹിതം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതാണ് നടപടി. സംസ്ഥാന സർക്കാർ മുഖേന ഇത് കുറഞ്ഞ വിലയ്‌ക്ക് മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാനാകും.

മത്സ്യബന്ധന യാനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങിയത് അടുത്തിടെ വാർത്തയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപയോഗത്തിന് കൂടുതലായി അനുവദിച്ച വിഹിതവും പൂർണമായി പര്യാപ്തമല്ലെങ്കിലും ഒരു പരിധിവരെ ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ.

ഒടുവില്‍ സമാധിയില്‍ തീരുമാനം; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത സ്ലാബ് നാളെ പൊളിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനം.

കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.

‘ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ല, നിയമം മനുഷ്യർക്ക് വേണ്ടിയാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കവെ ഉള്ളതാണ്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനും പര്യാപ്തമായ നിലപാട് കൈക്കൊളളണമെന്നതിൽ തർക്കമില്ല. ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതിയും കണക്കിലെടുത്താകണം വനനിയമങ്ങളെന്നാണ് ഇടത് സർക്കാരിന്റെ നിലപാട്. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെളളം ചേർ‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നിരുപാധികം മാപ്പ്, ഇനി വായ തുറക്കില്ലെന്ന് ബോബി’; ഒടുക്കം മാപ്പ് സ്വീകരിച്ച് കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.

മണിപ്പൂരില്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോബുകളിട്ട് കുക്കികള്‍; വന്‍തോതില്‍ ആയുധശേഖരം പിടിച്ചെടുത്തു

ഇംഫാല്‍: ചൊവ്വാഴ്ച രാത്രി ഇംഫാല്‍ വെസ്റ്റിലെ കാങ്ചുപ് ഫായെങ്ങില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇട്ട രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചതായി മണിപ്പൂര്‍ പോലീസ് പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇംഫാല്‍ വെസ്റ്റിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാത്രി 9.27-നും 9.30-നുമാണ് രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചത്  ഇവ ഡ്രോണുകളില്‍ നിന്ന് വിക്ഷേപിച്ചതാണെന്ന് സംശയിക്കുന്നു. മണിപ്പൂര്‍ പോലീസിന്റെ താല്‍ക്കാലിക സുരക്ഷാ ബാരക്കില്‍ നിന്നും സെന്‍ട്രി പോസ്റ്റില്‍ നിന്നും ഏകദേശം 15 അടി അകലെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ‘2025 ലെ ആദ്യത്തെ ഡ്രോണ്‍ ബോംബിംഗ് സംഭവമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 നവംബര്‍ 11 ന് ഗ്രാമത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ബോംബുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഡ്രോണുകളില്‍ നിന്നുള്ള പ്രൊപ്പല്ലറുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഐഗെജാങ്, ലീമരം ഉയോക് ചിങ്ങിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും വന്‍തോതില്‍ കണ്ടെടുത്തു. സംസ്ഥാന-കേന്ദ്ര സുരക്ഷാ സേനകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍, ഒരു എസ്എല്‍ആര്‍ റൈഫിള്‍, 51 എംഎം മോര്‍ട്ടാര്‍ ട്യൂബ് ലോഞ്ചര്‍, ഒരു സ്‌നൈപ്പര്‍ റൈഫിള്‍, മൂന്ന് 40 എംഎം ലാത്തോഡ് ഷെല്ലുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തു.

പ്രദേശത്ത് ആയുധധാരികളായ അക്രമികളെയും ഒളിപ്പിച്ച ആയുധശേഖരങ്ങളെയും കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. പിടികൂടിയ സാധനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനായി നമ്പോള്‍ പോലീസ് സ്റ്റേഷന് കൈമാറി.

വിദ്വേഷ പരാമർശം: പി.സി. ജോർജിന് മുൻകൂർ ജാമ്യം

കോട്ടയം :  പി.സി. ജോർജിന് വിദ്വേഷ പരാമർശ കേസിൽ മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തിൽ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

ജനുവരി ആറിന് പി സി ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.  മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി; മകന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മരണത്തിൽ ചോദ്യവുമായി കോടതി. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം മാധ്യമങ്ങൾ ഈ ചോദ്യം ചൂടിക്കാട്ടിയപ്പോൾ  അച്ഛന്റേത് മരണമല്ല സമാധിയെന്നാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ ആവർത്തിച്ച് പറഞ്ഞത്.

മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും  സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.

അതേസമയം കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ കൂട്ടിച്ചേർത്തു.

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്.

അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം.

ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം.

വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും; വീണ്ടും കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണൂര്‍ നിയമത്തിനും മുകളിലാണോയെന്ന് ഹൈക്കോടതി. ഇന്നലെ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നതില്‍ കൃത്യമായ മറുപടി വേണം. ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് 12 ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം തുടര്‍ന്നത്.

കോടതി ഇന്നലെ മൂന്നരയ്ക്ക് ജാമ്യ ഉത്തരവ് പുറത്തിറക്കിയതാണ്. എന്നിട്ടും ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ല. പുറത്തിറങ്ങാത്തതിന്റെ കാരണം പ്രതിഭാഗം വ്യക്തമായി വിശദീകരിക്കണം. ഇതു ശരിയായ നടപടിയല്ല. കോടതിയെ വെല്ലുവിളിക്കുകയാണോ?. കോടതിക്ക് ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്?. നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്ക്ക് വാങ്ങാമെന്ന വിചാരം വേണ്ട. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്ന് കോടതി പറഞ്ഞു.

ബോബി ചെമ്മണൂരിനോട് സംസാരിച്ച് നിലപാട് അറിയിക്കാന്‍ പ്രതിഭാഗത്തിനോട് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുകയാണ് ബോബി ചെയ്തത്. ജയിലിന് പുരത്തിറങ്ങിയ വേളയില്‍ ബോബി ചെമ്മണൂര്‍ നടത്തിയ പ്രതികരണം കോടതി പരിശോധിക്കും. കേസ് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി മാറ്റി. അപ്പോള്‍ ബോബിയോട് സംസാരിച്ച് നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ലോസ് ആഞ്ചലസ്‌ കാട്ടുതീ: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കും

ലോസ് ഏഞ്ചല്‍സിലെ  കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

96 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഓസ്കാർ 2025 റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല.  

ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അക്കാദമി അവാർഡ് കമ്മിറ്റികൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

“ലോസ് ഏഞ്ചല്‍സിലെ ജനങ്ങൾ ഒരു ദുരന്തം  നേരിടുമ്പോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിൽ ബോർഡിന് ആശങ്കയുണ്ട്. അടുത്ത ആഴ്ചയിൽ തീ അണഞ്ഞാലും ജനങ്ങളുടെ മാനസികമായ വേദന വളരെ വലുതായിരിക്കും.  അതിനാൽ ഈ അവസരത്തിൽ ജനങ്ങൾക്കുള്ള ഉള്ള പിന്തുണയിലും ധനസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് അധികൃതർ കരുതുന്നു, “വെന്ന് ചില അധികൃതരെ   ഉദ്ധരിച്ച് ‘ദി സൺ’ റിപ്പോർട്ട് ചെയ്തു.

ലോസ് ഏഞ്ചല്‍സിലുണ്ടായ കാട്ടുതീയില്‍ ഇതുവരെ 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ 12,000 കെട്ടിടങ്ങളാണ് കത്തി ചാമ്പലായത്.   തീ അണച്ചതിന് ശേഷമുള്ള തിരച്ചിലുകൾക്ക് ശേഷം മാത്രമേ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കുകൾ പറയാൻ സാധിക്കുവെന്ന് അധികൃതർ അറിയിച്ചു. നിരവധി ഹോളിവുഡ് താരങ്ങൾക്ക് അടക്കം കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടിട്ടുണ്ട്

ഗുരുവായൂരിൽ തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത് യുവാവ്; വീഡിയോ ഷെയർ ചെയ്‌താൽ കേസെടുക്കുമെന്ന് തൃശൂർ പോലീസ്

0

ഗുരുവായൂർ: ഗുരുവായൂരിൽ തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ വീഡിയോ ഷെയർ ചെയ്താൽ കർശന നടപടിയെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഹോട്ടൽ നടത്തുന്ന ഒരു യുവാവ് തുളസിത്തറയെ അപമാനിച്ചു കൊണ്ട് സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇയാളുടെ ഹോട്ടലിന്റെ അടുത്തുളള മറ്റൊരു സ്ഥാപനത്തിന്റെ തുളസിത്തറയെ ആണ് അപമാനിച്ചത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നും ഇയാൾ നടത്തുന്ന ഹോട്ടലിൽ ആരും കയറരുത് എന്നുമുള്ള കമന്റുകൾ രാത്രിയോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ തുളസിത്തറയെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെ അത് ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂർ പൊലീസ്. വീഡിയോയിൽ കാണുന്ന ഹോട്ടലുടമ 25 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്.

“ഗുരുവായൂരിലുള്ള ഒരു യുവാവിന്റെ വീഡിയോ സമൂഹ സ്പർദ്ദ വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുവരുന്നതായി കാണ്ടുവരുന്നുണ്ട്. അന്വേഷണത്തിൽ 25 വർഷത്തോളമായി ഈ യുവാവിന് മാനസിക വൈകല്യമുണ്ടെന്നും അതിനുള്ള ചികിത്സയിലാണെന്നുമുള്ള അറിവ് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സമൂഹ സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർചെയ്യുന്നവർ കർശനമായ നിയമനടപടികൾക്ക് വിധേയമാകുന്നതാണ്.” തൃശൂർ പൊലീസ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു .

“25 വർഷമായി മാനസിക വൈകല്യമുള്ളവൻ സ്വന്തമായി ഹോട്ടൽ നടത്തുന്നു, ബിസിനസ് ചെയ്യുന്നു കൃത്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നു, റീൽസ് ഉണ്ടാക്കി എഡിറ്റ് ചെയ്ത ഇടുന്നു. ഇതുപോലെയുള്ള മാനസിക രോഗികളെയാണോ ഗുരുവായൂരിൽ ലക്ഷക്കണക്കിന് ഭക്തർ വരുന്ന ഇടത്ത് അഴിച്ചിട്ടിരിക്കുന്നത്” എന്നൊക്കെയുള്ള ചോദ്യങ്ങൾ തൃശൂർ പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ വരുന്നുണ്ട്.

ഈ വാർത്ത വൈറലായതിനു പിന്നാലെ തുളസിത്തറയെ അപമാനിച്ചത് ചോദ്യം ചെയ്യുന്ന ഒരാളോട് ഈ വീഡിയോയിലെ യുവാവ് വാട്സാപ്പിൽ മാപ്പു പറയുന്ന സ്‌ക്രീൻ ഷോട്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ തുളസിത്തറ നിൽക്കുന്ന ഹോട്ടലുടമയുമായി ഉള്ള പ്രശ്‌നത്തിന്റെ പേരിലാണ് താൻ ഇങ്ങിനെ കാണിച്ചതെന്നും അയാൾ സമ്മതിക്കുന്നു.

തുളസിത്തറയെ അപമാനിച്ചയാൾക്കെതിരെ യാതൊരു നിയമനടപടിയും എടുക്കാതെ, ആ പ്രവർത്തി ചോദ്യം ചെയ്തവരെ കേസിൽ കുടുക്കുമെന്ന തൃശൂർ പൊലീസിന്റെ നിലപാടിനെതീരെ ധാരാളം പേര് പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ കമെന്റുകൾ ചെയ്തിട്ടുണ്ട്.

രജനിക്കും പെൺമക്കൾക്കും വാടക വീട്ടിൽ നിന്നും മോചനം; സ്വപ്ന ഭവനമൊരുക്കി സേവാഭാരതി

0

തിരുവനന്തപുരം: തലസ്ഥാനത്ത് നിർധന കുടുംബത്തിന് വീട് വച്ച് നൽകി സേവാഭാരതി. കഴക്കൂട്ടം ചന്തവിള സ്വദേശി രജനിക്കും കുടുംബത്തിനുമാണ് സ്വന്തം കിടപ്പാടമെന്ന മോഹം പൂവണിഞ്ഞത്. പാതിവഴിയിൽ നിലച്ച് പോയ വീട് നിർമാണം സേവാഭാരതി ഏറ്റെടുത്ത്
പൂർത്തിയാക്കുകയായിരുന്നു.

2018 ൽ ലൈഫ് ഭവന പദ്ധതിയിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ കെട്ടിയപ്പോഴേക്കും സാമ്പത്തിക സഹായം നിലച്ചു. ഇതിനിടെ രജനിയുടെ ഭർത്താവും മരണപ്പെട്ടു. രജനിയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വാടക പോലും നൽകാനാകാതെ ബുദ്ധിമുട്ടിയ സമയത്താണ് സേവാഭാരതി വീട് നിർമ്മാണം ഏറ്റെടുത്തത്.

നാടൊന്നാകെ ആഘോഷത്തോടെയാണ് ​ഗൃഹപ്രവേശന ചടങ്ങുകൾ നടത്തിയത്. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. വിജയനും കഴക്കൂട്ടം യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാറും ചേർന്ന് വീടിന്റെ താക്കോൽ രജനിക്ക് കൈമാറി.