ന്യൂഡൽഹി: മത്സ്യ ബന്ധനമേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. 92.59 ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വർദ്ധനയാണിത്.
നേരത്തെ അനുവദിച്ച 648 കിലോലിറ്ററിന് പുറമേ 600 കിലോലിറ്റർ കൂടി അധികമായി അനുവദിക്കുകയായിരുന്നു. ഇതോടെ മൊത്തം 1248 കിലോലിറ്റർ മണ്ണെണ്ണ ലഭിക്കും. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ചരിത്രപരമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
2024-25 വർഷത്തിലേക്കുള്ള അധിക മണ്ണെണ്ണയ്‌ക്കായുള്ള കേരളത്തിന്റെ അപേക്ഷയിലാണ് നടപടി. നോൺ പിഡിഎസ് ഇനത്തിലാണ് ഈ വിഹിതം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതാണ് നടപടി. സംസ്ഥാന സർക്കാർ മുഖേന ഇത് കുറഞ്ഞ വിലയ്‌ക്ക് മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാനാകും.
മത്സ്യബന്ധന യാനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങിയത് അടുത്തിടെ വാർത്തയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപയോഗത്തിന് കൂടുതലായി അനുവദിച്ച വിഹിതവും പൂർണമായി പര്യാപ്തമല്ലെങ്കിലും ഒരു പരിധിവരെ ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ.