ബെംഗളൂരു: ചരിത്രതാളുകളിൽ വീണ്ടും തിളങ്ങി ഇസ്രോ. അതിസങ്കീർണമായ ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ഇസ്രോയുടെ ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ പാകുന്നതിൽ നിർണായകമായ സാങ്കേതികവിദ്യയാണ് വിജയം കണ്ടിരിക്കുന്നത്.
2024 ഡിസംബർ 30-നാണ് ചേസർ, ടാർഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ചത്. 220 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒൻപതിനും ഡോക്കിംഗ് നിശ്ചിയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ ഇതി മാറ്റി വയ്‌ക്കുകയായിരുന്നു. വളരെ ജാഗ്രതയോടെയാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. വെല്ലുവിളികൾ ഉടനീളം ഉണ്ടായിരുന്നെങ്കിൽ കൃത്യതയോടെ ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രമെഴുതാൻ ഇസ്രോയ്‌ക്ക് സാധിച്ചു.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് ഏറെ വെല്ലുവിളി നിറഞ്ഞ സ്പെയ്ഡെക്സ് ദൗത്യം. വിവിധ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചാൽ മാത്രമേ ഭാരതീയ അന്തരീക്ഷ നിലയം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ. ഡോക്കിംഗ് വഴിയാകും കൂട്ടിയോജിപ്പിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും പുത്തൻ സാങ്കേതികവിദ്യ. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്‌ക്കുന്നതിനും നവീകരിക്കുന്നതിനും ഡോക്കിംഗ് പ്രയോജനപ്പെടും.