തിരുവനന്തപുരം: തലസ്ഥാനത്ത് നിർധന കുടുംബത്തിന് വീട് വച്ച് നൽകി സേവാഭാരതി. കഴക്കൂട്ടം ചന്തവിള സ്വദേശി രജനിക്കും കുടുംബത്തിനുമാണ് സ്വന്തം കിടപ്പാടമെന്ന മോഹം പൂവണിഞ്ഞത്. പാതിവഴിയിൽ നിലച്ച് പോയ വീട് നിർമാണം സേവാഭാരതി ഏറ്റെടുത്ത്
പൂർത്തിയാക്കുകയായിരുന്നു.
2018 ൽ ലൈഫ് ഭവന പദ്ധതിയിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ കെട്ടിയപ്പോഴേക്കും സാമ്പത്തിക സഹായം നിലച്ചു. ഇതിനിടെ രജനിയുടെ ഭർത്താവും മരണപ്പെട്ടു. രജനിയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വാടക പോലും നൽകാനാകാതെ ബുദ്ധിമുട്ടിയ സമയത്താണ് സേവാഭാരതി വീട് നിർമ്മാണം ഏറ്റെടുത്തത്.
നാടൊന്നാകെ ആഘോഷത്തോടെയാണ് ഗൃഹപ്രവേശന ചടങ്ങുകൾ നടത്തിയത്. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. വിജയനും കഴക്കൂട്ടം യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാറും ചേർന്ന് വീടിന്റെ താക്കോൽ രജനിക്ക് കൈമാറി.