മുല്ലപെരിയാർ അണക്കെട്ട് സുരക്ഷാ വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

അതേസമയം സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്. 

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ വാഴ്ത്തുപാട്ട്  പാടി അവസാനിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകർ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിപാടിയിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്ത.

കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുൻപ് തന്നെ അവതാരകർ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക് വരുമ്പോഴും ഇത് തുട‍ർന്നു. മുഖ്യമന്ത്രി സദസിൻ്റെ പുറകിൽ നിന്ന് നടന്ന് വേദിയിലെ കസേരയിൽ വന്നിരുന്ന ശേഷവും തുടർന്ന ഗാനാലാപനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്.

നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു;  സ്വാഭാവിക മരണമെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം: ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ.

ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും.

   ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതിൽ തടസമില്ലെന്ന് ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ പണമില്ലേ? പുരപ്പുറം വാടകയ്‌ക്ക് നൽകാം.. ‘റെസ്‌കോ’ മാതൃകയുമായി കേന്ദ്രം

0

വീട്ടിൽ സോളാർ‌ പ്ലാൻ്റ് സ്ഥാപിക്കാൻ പണമില്ലാത്തവർക്ക് പുരപ്പുറം വാടകയ്‌ക്ക് നൽകാനും അവസരം. പ്ലാൻ്റിനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോ​ഗ ഊർ‌ജ്ജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള ‘റെസ്‌കോ’ (RESCO) മാതൃക സംബന്ധിച്ച അന്തിമ മാർ​ഗകരേഖ കേന്ദ്രം പുറത്തിറക്കി. പിഎം സൂര്യഘർ പദ്ധതിയുടെ ഭാ​ഗമായുള്ള സബ്സിഡി റെസ്‌കോ പ്ലാൻ്റുകൾക്കും ലഭിക്കും.

ഒരു കുടുംബത്തിന് സ്വന്തം നിലയിൽ പ്ലാൻ്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഊർജ്ജ സേവന കമ്പനി അവരുടെ ചെലവിൽ നമ്മുടെ പുരപ്പുറത്ത് അവരുടെ പ്ലാൻ്റ് സ്ഥാപിക്കുന്നതാണ് റെസ്‌കോ മാതൃക.

മുതൽമുടക്ക് ഈ കമ്പനികൾ വഹിക്കും. കുറഞ്ഞത് അഞ്ച് വർഷത്തേക്ക് എങ്കിലും വീട്ടു‌ടമയ്‌ക്ക് പ്ലാൻ്റിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കില്ല. ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിൽ വീട്ടുടമയ്‌ക്ക് ഉപയോ​ഗിക്കാം. ഉപയോ​ഗിക്കുന്നില്ലെങ്കിൽ പുരപ്പുറത്തിന്റെ വാടക കമ്പനിയിൽ നിന്ന് വാങ്ങാവുന്നതാണ്.

ഉടമ ഉപയോ​ഗിച്ച ശേഷം മിച്ചം വരുന്ന വൈദ്യുതി ഊർജ സേവന കമ്പനിക്ക് കെഎസ്ഇബി പോലെയുള്ള വിതരണക്കമ്പനികൾക്ക് വിൽക്കാനും കഴിയും. കരാർ കാലാവധി തീരുമ്പോൾ പ്ലാൻ്റിന്റെ ഉടമസ്ഥാവകാശം വീട്ടുടമയ്‌ക്ക് കൈമാറും. വിതരണക്കമ്പനികൾക്കും സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്കും ഇതേ മാതൃകയിൽ പ്ലാൻ്റുകൾ സ്ഥാപിക്കാം.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം മോഷണശ്രമത്തിനിടെ; താരത്തിന് ശസ്ത്രക്രിയ

0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നടനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെന്നും അപകടനില തരണം ചെയ്തുവെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ബാന്ദ്രയിലെ സദ്ഗുരു ശരൺ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്‌മെന്റ്.

മോഷ്ടാവുമായി സെയ്ഫ് അലി ഖാൻ മൽപിടുത്തമുണ്ടായെന്നും അതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നുമാണ് വിവരം. അക്രമി ഒരാൾ മാത്രമായിരുന്നോ അതോ സംഘമായിട്ടാണോ എത്തിയതെന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ച ശേഷമാകും സ്ഥിരീകരിക്കുക. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. ആറ് മുറിവുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ രണ്ട് മുറിവുകൾ ഗുരുതരമായിരുന്നു.

സംഭവസമയത്ത് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി കൊണ്ടാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീക്ഷിത് ഗെദാം വ്യക്തമാക്കി.

മാദ്ധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെ കാത്തിരിക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സെയ്ഫ് അലി ഖാന്റെ പബ്ലിക് റിലേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു. താരം ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായും വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട് മുൻ മന്ത്രി വൈത്തിലിംഗത്തിന്റെ 101 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

0

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഒറത്തനാട് എംഎൽഎ ആർ വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചെന്നൈ സോണൽ ഓഫീസ് താൽക്കാലികമായി കണ്ടുകെട്ടിയത്. 2011 നും 2016 നും ഇടയിൽ എഐഎഡിഎംകെ ഭരണത്തിൽ ഭവന, നഗര വികസന മന്ത്രിയായിരുന്നു വൈത്തിലിംഗം. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എം/എസ് മുത്തമ്മൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്വത്തുക്കൾ ഉള്ളതെന്ന് ഇഡി പറഞ്ഞു. 2022 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ജനുവരി 9 ന് അറ്റാച്ച്മെൻ്റ് നടത്തിയത് .

വൈത്തിലിംഗത്തിനെതിരെ ഐപിസി സെക്ഷൻ 120 ബി, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരം ചെന്നൈയിലെ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചത്.

ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് ആസൂത്രണ അനുമതി നൽകുന്നതിന് പകരമായി ശ്രീറാം പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 27.90 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. തിരുച്ചിയിലെ വിവിധ സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കാൻ അനധികൃത ഫണ്ടുകൾ ഉപയോഗിച്ചു, ഇവയൊക്കെ ഇപ്പോൾ താൽക്കാലികമായി കണ്ടുകെട്ടി. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇഡി കൂട്ടിച്ചേർത്തു.

ചരിത്രം, അഭിമാനം; സ്പേസ് ഡോക്കിംഗ് സമ്പൂർണ വിജയം; ഭ്രമണപഥത്തിൽ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചു; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം

0

ബെം​ഗളൂരു: ചരിത്രതാളുകളിൽ വീണ്ടും തിളങ്ങി ഇസ്രോ. അതിസങ്കീർണമായ ഡോക്കിം​ഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ഇസ്രോയുടെ ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ പാകുന്നതിൽ നിർണായകമായ സാങ്കേതികവിദ്യയാണ് വിജയം കണ്ടിരിക്കുന്നത്.

2024 ഡിസംബർ 30-നാണ് ചേസർ, ടാർ‌​ഗറ്റ് എന്നീ രണ്ട് ഉപ​ഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ചത്. 220 കിലോ ഭാരമുള്ള ഉപ​ഗ്രഹങ്ങളെ ‌ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒൻപതിനും ഡോക്കിം​ഗ് നിശ്ചിയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ ഇതി മാറ്റി വയ്‌ക്കുകയായിരുന്നു. വളരെ ജാ​ഗ്രതയോടെയാണ് ശാസ്ത്രജ്ഞർ‌ പരീക്ഷണം നടത്തിയത്. വെല്ലുവിളികൾ ഉടനീളം ഉണ്ടായിരുന്നെങ്കിൽ കൃത്യതയോടെ ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രമെഴുതാൻ ഇസ്രോയ്‌ക്ക് സാധിച്ചു.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് ഏറെ വെല്ലുവിളി നിറഞ്ഞ സ്പെയ്ഡെക്സ് ദൗത്യം. വിവിധ ഭാ​ഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചാൽ മാത്രമേ ഭാരതീയ അന്തരീക്ഷ നിലയം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ. ഡോക്കിം​ഗ് വഴിയാകും കൂട്ടിയോജിപ്പിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും പുത്തൻ സാങ്കേതികവിദ്യ. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്‌ക്കുന്നതിനും നവീകരിക്കുന്നതിനും ഡോക്കിംഗ് പ്രയോജനപ്പെടും.

മത്സ്യബന്ധന മേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഉയർത്തി; ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം; വാർത്ത പങ്കുവെച്ച് സുരേഷ് ഗോപി

0

ന്യൂഡൽഹി: മത്സ്യ ബന്ധനമേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. 92.59 ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വർദ്ധനയാണിത്.

നേരത്തെ അനുവദിച്ച 648 കിലോലിറ്ററിന് പുറമേ 600 കിലോലിറ്റർ കൂടി അധികമായി അനുവദിക്കുകയായിരുന്നു. ഇതോടെ മൊത്തം 1248 കിലോലിറ്റർ മണ്ണെണ്ണ ലഭിക്കും. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ചരിത്രപരമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

2024-25 വർഷത്തിലേക്കുള്ള അധിക മണ്ണെണ്ണയ്‌ക്കായുള്ള കേരളത്തിന്റെ അപേക്ഷയിലാണ് നടപടി. നോൺ പിഡിഎസ് ഇനത്തിലാണ് ഈ വിഹിതം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതാണ് നടപടി. സംസ്ഥാന സർക്കാർ മുഖേന ഇത് കുറഞ്ഞ വിലയ്‌ക്ക് മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാനാകും.

മത്സ്യബന്ധന യാനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങിയത് അടുത്തിടെ വാർത്തയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപയോഗത്തിന് കൂടുതലായി അനുവദിച്ച വിഹിതവും പൂർണമായി പര്യാപ്തമല്ലെങ്കിലും ഒരു പരിധിവരെ ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ.

ഒടുവില്‍ സമാധിയില്‍ തീരുമാനം; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത സ്ലാബ് നാളെ പൊളിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനം.

കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.

‘ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ല, നിയമം മനുഷ്യർക്ക് വേണ്ടിയാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കവെ ഉള്ളതാണ്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനും പര്യാപ്തമായ നിലപാട് കൈക്കൊളളണമെന്നതിൽ തർക്കമില്ല. ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതിയും കണക്കിലെടുത്താകണം വനനിയമങ്ങളെന്നാണ് ഇടത് സർക്കാരിന്റെ നിലപാട്. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെളളം ചേർ‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നിരുപാധികം മാപ്പ്, ഇനി വായ തുറക്കില്ലെന്ന് ബോബി’; ഒടുക്കം മാപ്പ് സ്വീകരിച്ച് കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.

മണിപ്പൂരില്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോബുകളിട്ട് കുക്കികള്‍; വന്‍തോതില്‍ ആയുധശേഖരം പിടിച്ചെടുത്തു

ഇംഫാല്‍: ചൊവ്വാഴ്ച രാത്രി ഇംഫാല്‍ വെസ്റ്റിലെ കാങ്ചുപ് ഫായെങ്ങില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇട്ട രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചതായി മണിപ്പൂര്‍ പോലീസ് പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇംഫാല്‍ വെസ്റ്റിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാത്രി 9.27-നും 9.30-നുമാണ് രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചത്  ഇവ ഡ്രോണുകളില്‍ നിന്ന് വിക്ഷേപിച്ചതാണെന്ന് സംശയിക്കുന്നു. മണിപ്പൂര്‍ പോലീസിന്റെ താല്‍ക്കാലിക സുരക്ഷാ ബാരക്കില്‍ നിന്നും സെന്‍ട്രി പോസ്റ്റില്‍ നിന്നും ഏകദേശം 15 അടി അകലെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ‘2025 ലെ ആദ്യത്തെ ഡ്രോണ്‍ ബോംബിംഗ് സംഭവമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 നവംബര്‍ 11 ന് ഗ്രാമത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ബോംബുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഡ്രോണുകളില്‍ നിന്നുള്ള പ്രൊപ്പല്ലറുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഐഗെജാങ്, ലീമരം ഉയോക് ചിങ്ങിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും വന്‍തോതില്‍ കണ്ടെടുത്തു. സംസ്ഥാന-കേന്ദ്ര സുരക്ഷാ സേനകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍, ഒരു എസ്എല്‍ആര്‍ റൈഫിള്‍, 51 എംഎം മോര്‍ട്ടാര്‍ ട്യൂബ് ലോഞ്ചര്‍, ഒരു സ്‌നൈപ്പര്‍ റൈഫിള്‍, മൂന്ന് 40 എംഎം ലാത്തോഡ് ഷെല്ലുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തു.

പ്രദേശത്ത് ആയുധധാരികളായ അക്രമികളെയും ഒളിപ്പിച്ച ആയുധശേഖരങ്ങളെയും കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. പിടികൂടിയ സാധനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനായി നമ്പോള്‍ പോലീസ് സ്റ്റേഷന് കൈമാറി.

വിദ്വേഷ പരാമർശം: പി.സി. ജോർജിന് മുൻകൂർ ജാമ്യം

കോട്ടയം :  പി.സി. ജോർജിന് വിദ്വേഷ പരാമർശ കേസിൽ മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തിൽ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

ജനുവരി ആറിന് പി സി ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.  മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി; മകന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മരണത്തിൽ ചോദ്യവുമായി കോടതി. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം മാധ്യമങ്ങൾ ഈ ചോദ്യം ചൂടിക്കാട്ടിയപ്പോൾ  അച്ഛന്റേത് മരണമല്ല സമാധിയെന്നാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ ആവർത്തിച്ച് പറഞ്ഞത്.

മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും  സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.

അതേസമയം കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ കൂട്ടിച്ചേർത്തു.

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്.

അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം.