ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം മോഷണശ്രമത്തിനിടെ; താരത്തിന് ശസ്ത്രക്രിയ

0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നടനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെന്നും അപകടനില തരണം ചെയ്തുവെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ബാന്ദ്രയിലെ സദ്ഗുരു ശരൺ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്‌മെന്റ്.

മോഷ്ടാവുമായി സെയ്ഫ് അലി ഖാൻ മൽപിടുത്തമുണ്ടായെന്നും അതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നുമാണ് വിവരം. അക്രമി ഒരാൾ മാത്രമായിരുന്നോ അതോ സംഘമായിട്ടാണോ എത്തിയതെന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ച ശേഷമാകും സ്ഥിരീകരിക്കുക. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. ആറ് മുറിവുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ രണ്ട് മുറിവുകൾ ഗുരുതരമായിരുന്നു.

സംഭവസമയത്ത് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി കൊണ്ടാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീക്ഷിത് ഗെദാം വ്യക്തമാക്കി.

മാദ്ധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെ കാത്തിരിക്കാനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സെയ്ഫ് അലി ഖാന്റെ പബ്ലിക് റിലേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു. താരം ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായും വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply