വീട്ടിൽ സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ പണമില്ലാത്തവർക്ക് പുരപ്പുറം വാടകയ്‌ക്ക് നൽകാനും അവസരം. പ്ലാൻ്റിനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ്ജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള ‘റെസ്‌കോ’ (RESCO) മാതൃക സംബന്ധിച്ച അന്തിമ മാർഗകരേഖ കേന്ദ്രം പുറത്തിറക്കി. പിഎം സൂര്യഘർ പദ്ധതിയുടെ ഭാഗമായുള്ള സബ്സിഡി റെസ്‌കോ പ്ലാൻ്റുകൾക്കും ലഭിക്കും.
ഒരു കുടുംബത്തിന് സ്വന്തം നിലയിൽ പ്ലാൻ്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഊർജ്ജ സേവന കമ്പനി അവരുടെ ചെലവിൽ നമ്മുടെ പുരപ്പുറത്ത് അവരുടെ പ്ലാൻ്റ് സ്ഥാപിക്കുന്നതാണ് റെസ്‌കോ മാതൃക.
മുതൽമുടക്ക് ഈ കമ്പനികൾ വഹിക്കും. കുറഞ്ഞത് അഞ്ച് വർഷത്തേക്ക് എങ്കിലും വീട്ടുടമയ്‌ക്ക് പ്ലാൻ്റിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കില്ല. ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിൽ വീട്ടുടമയ്‌ക്ക് ഉപയോഗിക്കാം. ഉപയോഗിക്കുന്നില്ലെങ്കിൽ പുരപ്പുറത്തിന്റെ വാടക കമ്പനിയിൽ നിന്ന് വാങ്ങാവുന്നതാണ്.
ഉടമ ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വൈദ്യുതി ഊർജ സേവന കമ്പനിക്ക് കെഎസ്ഇബി പോലെയുള്ള വിതരണക്കമ്പനികൾക്ക് വിൽക്കാനും കഴിയും. കരാർ കാലാവധി തീരുമ്പോൾ പ്ലാൻ്റിന്റെ ഉടമസ്ഥാവകാശം വീട്ടുടമയ്‌ക്ക് കൈമാറും. വിതരണക്കമ്പനികൾക്കും സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്കും ഇതേ മാതൃകയിൽ പ്ലാൻ്റുകൾ സ്ഥാപിക്കാം.