മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്; വനംവകുപ്പ് എത്തി ചാക്കിൽ പൊതിഞ്ഞ് പിടികൂടി

0

മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ ഒരു കരടി കുഞ്ഞ് എത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചപ്പോൾ വനം വകുപ്പ് ജീവനക്കാരെത്തി കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടികൂടി. ഇതിന് ശേഷം കുട്ടിക്കരടിയുമായി ഏറെ ദുരം നടന്നാണ് വനംകുപ്പ് ജീവനക്കാർ വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് എത്തിയത്. പിടികൂടിയ കരടിയെ പൊൻകുഴി സെക്ഷൻ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

മൂന്ന് മാസം പ്രായം വരുന്നന്നതാണ് കുഞ്ഞെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഇതിനെ നിരീക്ഷണത്തിൽ വച്ച ശേഷം ഇന്ന് തന്നെ വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് വിശദമാക്കിയത്.

മറ്റൊരു സംഭവത്തിൽ സ്ഥലത്തുണ്ടായിട്ടും ഇടുക്കി പീരുമേട് വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധം ഭയന്നാണ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ നേരിട്ടെത്താത്തതെന്നാണ് വ്യാപകമാവുന്ന ആരോപണം. പരിപാടി നടക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ മാത്രം അകലെയിരുന്ന് വനംമന്ത്രി പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നടന്നില്ല. ഇതോടെയാണ് മന്ത്രി ക്ഷണിക്കപ്പെട്ടവരെല്ലാം കാത്തിരിക്കെ തടിതപ്പിയത്. ഇടുക്കി കുട്ടിക്കാനത്തായിരുന്നു സംഭവം.

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; മട്ടന്നൂരിലെ റവന്യൂ ടവർ ഇപ്പോഴും പ്രവർത്തനരഹിതം

0

മട്ടന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മട്ടന്നൂരിലെ റവന്യൂ ടവർ ഇതുവരെയും പ്രവർത്തന യോഗ്യമായിട്ടില്ല. പ്രവർത്തനം ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് ഫ​യ​ര്‍ഫോ​ഴ്സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​നു​മ​തി​ക​ള്‍ എന്നിവ സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഏ​ഴി​ന് യോ​ഗം വി​ളി​ക്കാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി​യി​ല്‍ തീരുമാനമായിട്ടുണ്ട്.

28 കോ​ടി​യോ​ളം രൂ​പ ചെല​വ​ഴി​ച്ചാ​ണ്​ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നിർമ്മാണം പൂർത്തിയാക്കിയത്. മ​ട്ട​ന്നൂ​രി​ലെ സ​ര്‍ക്കാ​ര്‍ ഓഫീസുകളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹൗ​സി​ങ്​ ബോ​ര്‍ഡാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. നാ​ലു​നി​ല​ക​ളി​ല്‍ ഓ​ഫി​സ് സ​മു​ച്ച​യ​വും താ​ഴ​ത്തെ നി​ല വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നും വേണ്ടിയുള്ളതാണ്. റ​വ​ന്യൂ ട​വ​റി​നോ​ട് ചേ​ര്‍ന്ന് കാ​ന്റീ​നു​മു​ണ്ട്. മൂ​ന്നു​ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ടാ​ങ്കു​മു​ണ്ട്. മ​ട്ട​ന്നൂ​രി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ഓഫീസുകൾ പ​ല​തും റ​വ​ന്യൂ ട​വ​ര്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. എ​ന്നാ​ല്‍, ഓ​രോ വ​കു​പ്പി​നും സ്ഥ​ലംമാറ്റിവെച്ചതല്ലാതെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല.

2018 ജൂൺ മാസത്തിലാണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മ്മിക്കാൻ മ​ന്ത്രി​സ​ഭയിൽ നിന്ന് അംഗീകാരം ലഭിച്ചത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റ​വ​ന്യൂ ട​വ​റി​ന്റെ​യും സ്പെഷ്യാലിറ്റി ആ​ശു​പ​ത്രി​യു​ടെ​യും ശി​ലാ​സ്ഥാ​പ​നം നി​ര്‍വ​ഹി​ച്ച​ത്. കോ​വി​ഡും ലോ​ക്ക് ഡൗ​ണ്‍ ഉ​ൾപ്പെടെ​യു​ള്ള ത​ട​സ്സ​ങ്ങ​ളും കാരണം റ​വ​ന്യു ട​വ​റി​ന്റെ നിർമ്മാണം ആരംഭിച്ചത് തന്നെ ഏറെ വൈകിയായിരുന്നു.

ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

0

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാന തുക.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്.

വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്പുതുവത്സര ബംപര്‍.

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റും ചേര്‍ന്ന് 22 പേരാണ് കോടിപതികളാകുക.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കമാണ് 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകുന്നത്.

മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

കുട്ടിക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കി കങ്കണ; മണാലിയിൽ കഫേ ആരംഭിച്ച് താരം

0

‘ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്’. മണാലിയിൽ കഫേ ആരംഭിച്ചതിന്റെ ഗ്ലിംസ് വിഡിയോ പങ്കുവച്ച് ബോളിവുഡ് താരവും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണിത്.

മണാലിയിൽ സ്ഥിതി ചെയ്യുന്ന കഫേ ഫെബ്രുവരി 14-ന് തുറക്കുമെന്നും അവർ അറിയിച്ചു. തടികൊണ്ട് ഫർണിഷിങ് ചെയ്ത ഹോംലി ഹിൽ സ്റ്റൈൽ കഫേയാണ് വീഡിയോയിലുള്ളത്. പരമ്പരാ​ഗത വിഭവങ്ങൾക്കു പുറമെ, പിസ, സാലഡുകൾ, കേക്ക് തുടങ്ങിയവയും ദൃശ്യങ്ങളിലുണ്ട്. കഫേയ്ക്കുള്ളിലും പുറത്തുമായാണ് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം രുചിച്ചുകൊണ്ട് മലനിരകളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെയിരുന്ന് ആസ്വദിക്കാം.

2023 മാർച്ചിൽ താനൊരു റെസ്റ്റോറന്റ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെവെങ്കിലും സാമ്പത്തിക പ്രയാസം നേരിട്ടിരുന്നതായി നേരത്തേ അവർ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ, ബോളിവുഡ് താരം മലൈക അറോറയും ​ഗോവയിൽ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു.

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി

മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തിൽ സ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.ഗംഗാനദിയിൽ ആരതി നടത്തി പ്രാർത്ഥിച്ച ശേഷമാണ് പുണ്യസംഗമസ്ഥാനത്ത് എത്തിയത്.

ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രയാഗ്‌രാജ് ഭരണകൂടത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാഗ് രാജിൽ ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേള 2025, ലോകത്തിലെ ഏറ്റവും വലിയ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലാണ്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ കുംഭമേള സന്ദർശിച്ചു. സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, കോൾഡ്‌പ്ലേ ഗായിക ക്രിസ് മാർട്ടിൻ, ഹോളിവുഡ് നടൻ ഡക്കോട്ട ജോൺസൺ തുടങ്ങിയ ലോകമെമ്പാടുമുള്ള ആളുകൾ മഹാ കുംഭമേള സന്ദർശിച്ചിരുന്നു.

‘മകളെ വലിയ ഇഷ്ടം, എൻ്റെ വീട് നൽകണം’; പൊലീസിനോട് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോഗമിക്കുന്നു. സുധാകരനേയും ലക്ഷ്മിയേയും കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി. ചെന്താമര കൊടുവാൾ വാങ്ങിയത് എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കൊടുവാളിൽ കടയുടെ സീൽ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. തന്റെ വീട് മകൾക്ക് നൽകണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.

ചൊവ്വാഴ്ച ചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തിരുന്നു.

ജനുവരി 27 ന് രാവിലെ താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് പറഞ്ഞിരുന്നു. പ്രകോപനത്തിനിടെയാണ് ആക്രമിച്ചത്. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയേയും ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി, ശേഷം താൻ വീടിനു സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര ഇന്നലെ പൊലീസിനോട് വിശദീകരിച്ചിരുന്നു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.

പാടവരമ്പത്ത് കുറ്റിക്കാട്ടിൽ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് ആണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു, ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട താൻ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു. തെളിവെടുപ്പ് നടക്കുന്നതിനാൽ 200ലധികം പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ ബോയന്‍ നഗര്‍ മേഖലയില്‍ വിന്യസിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

കൈവിട്ട് സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വെള്ളിയുടെ വിലയില്‍ രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 106 രൂപയായി.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

രൂപ വീണ്ടും ഇടിഞ്ഞു, 9 പൈസയുടെ നഷ്ടം; എണ്ണവില 75 ഡോളറിലേക്ക്, ഓഹരി വിപണി ‘ഫ്‌ലാറ്റ്’

മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 9 പൈസയാണ് ഇടിഞ്ഞത്. ഡോളര്‍ ഒന്നിന് 87.16 ലേക്കാണ് രൂപ തകര്‍ന്നത്.

ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ രൂപ തിരിച്ചുകയറിയിരുന്നു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് നാലുപൈസയുടെ നേട്ടത്തോടെ 87.07ലേക്കാണ് ഇന്നലെ രൂപ തിരിച്ചുകയറിയത്. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ബാരലിന് 75.82 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.

ഇന്നലെ കുതിച്ചുയര്‍ന്ന ഓഹരി വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇപ്പോള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് ഇന്നലെ ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ നാരായണദാസിന്റെ വീട്ടില്‍ റെയ്ഡ്; പ്രതി ഒളിവിലെന്ന് സൂചന

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ്. തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന്റെ വീട്ടിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് എരൂരിലെ വീട്ടില്‍ സംഘം എത്തിയത്.

കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തിനകം പൊലീസിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന.

നാരായണദാസ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഷീല സണ്ണിയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം നാരായണദാസാണ് അവരുടെ സ്‌കൂട്ടറില്‍ ലഹരിവസ്തു ഒളിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

കോഴിക്കോട് ബസ് അപകടം; ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികന്‍ മരിച്ചു

0

കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന മുഹമ്മദ് സാനിഹിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മുന്നിലുള്ള കാറിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാനിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബസ് ഇടിച്ചയുടന്‍ ബൈക്ക് യാത്രികന്‍ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ബസ് മറിയുകയുമുണ്ടായി. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെ കോഴിക്കോട്-മാവൂര്‍ റോഡില്‍ അരയിടത്തുപാലത്താണ് അപകടം.

പരിക്കേറ്റ 40 പേർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച നിലയിലായിരുന്നു.

കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്കും അപകടം

0

പിറവം: എറണാകുളം പിറവത്ത് കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയും കിണറ്റിൽ വീണു. 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ അഗ്നിരക്ഷാ സേനയെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവിൽ രമേശനാണ് മരമൊടിഞ്ഞ് കിണറിൽ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും കിണറിലേക്ക് വീണു. കയറിൽ തൂങ്ങി ഇറങ്ങി ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പത്മവും കിണറിൽ കുടുങ്ങിയത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.

കിണറിൽ അരയോളം മാത്രം വെള്ളമേ ഉണ്ടായിരുന്നുള്ളു, ഇത് ഇരുവർക്കും രക്ഷയായി. അഗ്നിരക്ഷാസേന എത്തുമ്പോൾ പരിക്കേറ്റ ഭർത്താവിനെ കിണറിനുള്ളിൽ ഭാര്യ താങ്ങി നിർത്തിയിരിക്കുകയായിരുന്നു. 5 അടിയോളം വെള്ളം കിണറിലുണ്ടായിരുന്നതായി അഗ്നിരക്ഷ സേന അംഗങ്ങൾ പറഞ്ഞു. നെറ്റിന്റെ സഹായത്തോടെയാണ് അഗ്നിരക്ഷാ സേനാ ഇരുവരേയും കിണറിനുള്ളിൽ നിന്ന് രക്ഷപെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ രമേശനും കൈകളിൽ പരിക്കേറ്റ പത്മവും നിലവിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മിഹിറിന്റെ ആത്മഹത്യ; റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസും അന്വേഷണം തുടങ്ങി

കൊച്ചി:  തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലെ റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസും അന്വേഷണം ആരംഭിച്ചു.

പരാതിയിൽ  മിഹിറിൻറെ സഹോദരൻറെ മൊഴിയെടുത്തു . സ്കൂൾ മാനേജ്മെൻറിൻറെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. 

ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്.

ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടെയാണ് പുത്തൻകുരിശ് പൊലീസും അന്വേഷണം നടത്തുന്നത്.

അതേസമയം കുട്ടിയുടെ ആത്മഹത്യയിൽ പൊലീസിൻറെയും വിദ്യാഭ്യാസ വകുപ്പിൻറെയും അന്വേഷണം തുടരുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് ഉടൻ കൈമാറും.

കൊളോണിയൽ ശേഷിപ്പുകൾക്ക് വിട; ഫോർട്ട് വില്യം ഇനി ‘വിജയ് ദുർഗ്’; സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്തിന് പുതിയ പേര്

0

കൊൽക്കത്ത: സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡിന്റെ ആസ്ഥാനത്തിന് പുതിയ പേരുനല്കി കേന്ദ്രസർക്കാർ. ഫോർട്ട് വില്യം ഇനി മുതൽ ‘വിജയ് ദുർഗ്’ എന്ന പുതിയ പേരിൽ അറിയപ്പെടും. കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ സ്വാതന്ത്രമാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഫോർട്ട് വില്യമിന്റെ പുനർനാമകരണം. ഡിസംബറിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്ന് കൊൽക്കത്തയിലെ പ്രതിരോധ മന്ത്രാലയത്തിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.

“ഡിസംബർ രണ്ടാം വാരത്തിലാണ് ഉത്തരവ് വന്നത്. എന്നാൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള ആഭ്യന്തര ആശയവിനിമയത്തിന് വിജയ് ദുർഗ് എന്ന പുതിയ പേരാണ് ഉപയോഗിക്കുന്നത്,”ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിങ് കമാൻഡർ ഹിമാൻഷു തിവാരി പറഞ്ഞു. കോട്ടയ്‌ക്കുള്ളിലെ മറ്റ് ചില കെട്ടിടങ്ങളുടെയും പേര് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഫോർട്ട് വില്യമിനുള്ളിലെ കിച്ചണർ ഹൗസിന്റെ പേര് മനേക്ഷാ ഹൗസ് എന്നും പുനർനാമകരണം ചെയ്തു, സെന്റ് ജോർജ്ജ് ഗേറ്റ് എന്ന് അറിയപ്പെടുന്ന സൗത്ത് ഗേറ്റ് ഇപ്പോൾ ശിവജി ഗേറ്റ് ആണ്,” ഹിമാൻഷു തിവാരി പറഞ്ഞു.

1781 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ചരിത്രപ്രധാനമായ കോട്ടയ്‌ക്ക് വില്യം മൂന്നാമൻ രാജാവിന്റെ പേരാണ് നൽകിയിരുന്നത്. ഛത്രപതി ശിവജിയുടെ കാലത്തെ നാവിക ഒളിത്താവളമായിരുന്ന മഹാരാഷ്‌ട്രയിലെ സിന്ധ്ദുർഗ് തീരത്തുള്ള ഏറ്റവും പഴക്കം ചെന്ന കോട്ടയായ വിജയ് ദുർഗിന്റെ പേരിലാണ് സൈനിക ആസ്ഥാനം പുനർനാമകരണം ചെയ്തിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്; കോളജ് അദ്ധ്യാപകർക്ക് നഷ്ടം 1,500 കോടി; സമർപ്പിച്ചത് അപൂർണമായ അപേക്ഷ

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിൽ കോളജ് അദ്ധ്യാപകർക്ക് ലഭിക്കേണ്ട 15,00 കോടിയുടെ കുടിശ്ശിക നഷ്ടമായി. ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ പ്രകാരം കോളജ്, സർവകലാശാലാ അദ്ധ്യാപകർക്ക് ലഭിക്കേണ്ട തുകയായിരുന്നു ഇത്.  അപൂർണമായ അപേക്ഷ നൽകിയും സമയബന്ധിതമായി ശുപാർശ നൽകാതെയും കേരളം വീഴ്ച വരുത്തിയതായി കേന്ദ്രമന്ത്രി ഡോ. സുഗാന്ത മജുംദാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ പണം നൽകിയ ശേഷം റീഇംബേഴ്സ്മെന്റ് സ്കീമിൽ അപേക്ഷിച്ചാൽ പോലും കേന്ദ്ര സഹായം ലഭിക്കുമായിരുന്നു. എന്നാൽ ഇതിന് സംസ്ഥാനം തയ്യാറാകാത്താണ് അദ്ധ്യാപകർക്ക് തിരിച്ചടിയായത്.  രണ്ടു തവണ കേന്ദ്രം കത്തയച്ചിട്ടും പണം വിതരണം ചെയ്ത കണക്ക് ഹാജരാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. പിന്നാലെ ഏഴാം ശമ്പള പരിഷ്കരണ കുടിശിക നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ നിർത്തിവെക്കുകയും ചെയ്തു.

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജയ് ഭാരത് കോളേജിന്റെ വ്യത്യസ്തമായ മാതൃക.

0

കൊച്ചി : പരിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ് ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരായി വ്യത്യസ്തമായ രീതിയിൽ പോരാട്ടമുഖം തുറക്കുകയാണ് ജയ് ഭാരത് കോളേജിലെ വിദ്യാർത്ഥികൾ. ജയ് ഭാരത് കോളേജിലെ എഞ്ചിനിയറിങ്, ആർട്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നാണ് ഈ പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി ക്യാമ്പസിൽ ഒരു വർഷം ഉണ്ടാകുന്ന പ്ലാസ്റ്റിക് മറ്റ്‌ ഇതര മാലിന്യങ്ങളും ശേഖരിച്ചു അതിലൂടെ വിവിധ തരത്തിലുള്ള രൂപങ്ങളും, വിവിധ തരത്തിലുള്ള മാതൃകകളും സൃഷ്ടിക്കുകയാണ് കുട്ടികൾ.

ജയ് ഭാരത് കോളേജ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷന്റെ ചെയർമാൻ എ എം കരീമിന്റെ മനസ്സിൽ ഉദിച്ച ആശയം കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അലൂമിനിയുടെ സഹായത്തോടെ ഒരുമിച്ചു നിന്നു പ്രാവർത്തികമാക്കുകയായിരുന്നു. ബ്രെഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീ പിടുത്തവും, ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണ്ണെടുക്കേണ്ടി വന്നപ്പോൾ മണ്ണിൽ നിന്നും ലഭിച്ചിട്ടുള്ള പ്ലാസ്റ്റിക്കിന്റെ അളവുമാണ് അതിനെ കൃത്യമായി ശേഖരിച്ചു സംസ്ക്കരിക്കുന്നതിനി വേണ്ടിയിട്ടുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ ചെയർമാൻ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. ചെയർമാന്റെ ആ ഒരു ആശയത്തെ അലുമിനി അസോസിയേഷനും കോളേജിലെ സ്റ്റുഡൻസും അദ്ധ്യാപകരും ചേർന്ന് ഏറ്റെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയായ് അതിനെ മാറ്റുവാൻ സാധിച്ചത്. ക്യാമ്പാസിലെ മലിന്യങ്ങൾക്ക് പുറമേ തൊട്ടടുത്ത കടകളിലെയും വീടുകളിലെയും മലിന്യവും ഇതിനായി ശേഖരിച്ചിരുന്നു.

മിൽമ പായ്ക്കറ്റുകൾ കൊണ്ട് ഒരു പശുവിനെയും മറ്റു രൂപങ്ങളും നിർമ്മിച്ചെടുക്കുവാനായിട്ടാണ് അത്‌ പ്രദർശനത്തിനു ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു വർഷം ക്യാമ്പസിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ പ്ലാസ്റ്റിക്, പേപ്പർ, തുണി മറ്റ്‌ സാധനങ്ങൾ എന്തിനെയും ഇത്തരത്തിൽ പല രൂപങ്ങളായി ക്യാമ്പസിൽ പ്രദർശനം ഒരുക്കുകയാണ്. ഇതിലൂടെ മാലിന്യം കൃത്യമായി ശേഖരിക്കുവാനും മണ്ണിൽ വലിച്ചെറിയുന്നത് തടയാനും സാധിക്കും. വിവിധ സാമൂഹിക സംഘടനകൾ, പ്രകൃതി സംരക്ഷണ സംഘടനകൾ ശിചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോട് കൂടി ഈ പദ്ധതി കേരളത്തിൽ മുഴുവൻ സ്ഥലങ്ങളിലും വ്യാപിപ്പിക്കുന്നതിനും ക്യാമ്പസിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ ഒരു കൃത്രമ മരം വളർത്തുന്നതിനും ക്യാമ്പസിൽ ആ വർഷത്തിലെ മുഴുവൻ പ്ലാസ്റ്റിക്കുകളും മരത്തിൽ ശേഖരിക്കാനും യഥാർത്ഥ മരംപോലെ ആ കൃത്രിമ മരം വളരുകയും ചെയ്യുന്ന രീതിയിൽ ആണ് ഇതിനെ രൂപ കല്പന ചെയ്തിട്ടുള്ളത്.

ജയ് ഭാരത് തുടങ്ങി വയ്ക്കുന്ന ഈ ആശയം കേരളത്തിലെ മറ്റു കോളേജുകൾ ഏറ്റെടുത്തു നടപ്പിലാക്കി സമൂഹത്തിന് ഒരു മാലിന്യ ശേഖരണ മാതൃക സൃഷ്ടിക്കണം എന്ന് ജയ് ഭാരത് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

ജയ്ഭാരത് കോളേജുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ അമ്പതിൽ പരം എൻജിനീയറിങ്- ആർട്സ് ആൻഡ് സയൻസ്- പോളിടെക്നിക്- കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ജെ ബി ഫെസ്റ്റ് 2025 ഫെബ്രുവരി 6 മുതൽ 8 വരെ അറയ്ക്കപ്പടി ജയ്ഭാരത് കാമ്പസിൽ നടക്കുകയാണ്. പ്രൈസ്മണി ആയിമാത്രം 5 ലക്ഷത്തോളം രൂപ വിദ്യാർഥികൾക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്ന വിവിധ മത്സരങ്ങൾ ഈ ഫെസ്റ്റിന്റെ മാറ്റുകൂട്ടുന്നു.

ടെക്നിക്കൽ ഇവൻറ്സ്, മാനേജ്മെന്റ് ഇവൻറ്സ്, ഗെയിംസ്, കൾച്ചറൽ ഇവൻറ്സ് എന്നീ വിഭാഗങ്ങളിലായി 43 മത്സരയിനങ്ങളും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിക്കുന്നതും എൻജിനീയറിങ്ങിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെയും അനന്ത സാധ്യതകൾ വെളിപ്പെടുത്തുന്നതുമായ ഇൻഡസ്ട്രിയൽ എക്സിബിഷൻ, റോബോ എക്സിബിഷൻ, ഡ്രോൺ ഷോ, ഡ്രോൺ എക്സ്പോ, പ്രോജക്ട് എക്സിബിഷൻ തുടങ്ങിയവയും – ജനശ്രദ്ധ ആകർഷിക്കുന്ന നിരവധി പരിപാടികളും ഈ വർഷത്തെ മെഗാ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ജെ ബി ഫെസ്റ്റിൽ വർണ്ണ ശബളമായ സംഗീത പരിപാടികൾ, റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവൽക്കരണം കൂടി ഉദ്ദേശിച്ചുള്ള ഓട്ടോ ഷോ, ഫുഡ് ഫെസ്റ്റ്, ഇ- സ്പോർട്സ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിന്റെ ആകർഷണങ്ങളായി മാറും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുള്ളതും, പുതിയതും പഴയതുമായ മോഡലിൽ ഉള്ളതുമായ സ്പോർട്സ് – ലക്ഷ്വറി – വിൻ്റേജ് കാറുകളുടെ നിരയും, പഴയ വാഹനങ്ങളുടെ സാന്നിദ്ധ്യവും വാഹന പ്രേമികളെ ഏറെ ആകർഷിക്കുകയും ഓട്ടോ ഷോയുടെ മാറ്റ് കൂട്ടുകയും ചെയ്യും.

പെരുമ്പാവൂർ ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള എൻജിനീയറിങ് കോളേജ്, പോളിടെക്നിക് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ്, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും നേതൃത്വം നൽകുന്ന ഈ മെഗാഫെസ്റ്റ് മാനേജ്മെൻ്റിൻ്റെ കൂടി സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഒരു കലാ- കായിക – സാങ്കേതിക മേളയാക്കി മാറ്റുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഈ വർഷത്തെ ജെ ബി ഫെസ്റ്റിനോട് അനുബന്ധിച്ച് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജയ്ഭാരത് ഗ്രൂപ്പ് ചെയർമാൻ എ എം കരീം, പ്രിൻസിപ്പൽമാരായ ഡോ. ഷമീർ കെ മുഹമ്മദ്, ഡോ. കെ എൻ നിതേഷ് കുമാർ, ഡോ. പ്രദീപ്കുമാർ, ശ്രീ ഒ വി അഷർ, കോഡിനേറ്റർ ഡോ. ടി ജി സന്തോഷ് കുമാർ, അസി: മാനേജർ ബാസിത് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.