കത്തിക്കയറി സ്വർണവില

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ.  ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപയാണ്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്. 

ഇന്നലെ  760 രൂപ വർധിച്ച് പവന്റെ വില ചരിത്രത്തിൽ ആദ്യമായി 63,000  കടന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800  രൂപയാണ് സ്വർണത്തിന് വർധിച്ചത്.

വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ  പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്.  വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല

പന്ത് ഇറങ്ങുമോ? ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

നാഗ്പുര്‍: ടി20 പരമ്പരനേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങും. ഉച്ചയ്ക്ക് 1.30 മുതല്‍ നാഗ്പുരിലാണ് മത്സരം.ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി റിഹേഴ്‌സലാകും ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര.

ഏകദിന ഫോര്‍മാറ്റിലെ ആധിപത്യം ഉറപ്പിക്കുകയെന്നതാകും പരമ്പരയിലൂടെ ഇരുടീമുകളും ലക്ഷ്യം വെയ്ക്കുക. ടി20 പരമ്പരയിലെ ടീമില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരുടെ പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് ശര്‍മയും വിരാട് കോഹ് ലിയും അവസാനമായി കളിച്ചത്.

ഏകദിന ലോകകപ്പിലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഋഷഭ് പന്ത് കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പന്താണോ രാഹുലാണോ ആര് വിക്കറ്റ് കീപ്പറാകുമെന്ന് അറിയില്ല. ഇംഗ്ലണ്ടിനെതിരേ വിക്കറ്റ് കാക്കാന്‍ ഋഷഭ് ഇറങ്ങുകയാണെങ്കില്‍ ബാറ്റര്‍ മാത്രമായി രാഹുലിനെ കളിപ്പിക്കുന്നത് സംശയത്തിലാണ്.

2023-ല്‍ ഇന്ത്യയില്‍നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യ ആറ് ഏകദിനങ്ങള്‍മാത്രമേ കളിച്ചുള്ളൂ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരേ മൂന്നുവീതം കളികള്‍.

സാധ്യത ടീം

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ്‌ദേ പാന്‍ജ

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബെഥേല്‍, ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഷ് ബട്ട്ലര്‍, ജാമി സ്മിത്ത്, ഫിലിപ്പ് സാള്‍ട്ട്, ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്, മാര്‍ക്ക് വുഡ്

വീണ്ടും കൂപ്പുകുത്തി രൂപ, 12 പൈസയുടെ നഷ്ടം; ഓഹരി വിപണിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയടെ വ്യാപാരം അവസാനിച്ചത്. വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. കൂടാതെ വെള്ളിയാഴ്ച പണ വായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ സ്വാധീനിച്ചു.

അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 78000ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്നലെ 300ലധികം പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സെക്ടറിലെ നഷ്ടമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. ഇന്ന് ഓട്ടോ കമ്പനികളാണ് നഷ്ടം നേരിടുന്നത്.

അനന്ദുവിന് 19 ബാങ്ക് അക്കൗണ്ടുകൾ; 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസ്

കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന പാതി വില തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകൾ വഴി  450 കോടി രൂപയുടെ ഇടപാട് നടന്നെന്ന് പൊലീസ് കണ്ടെത്തൽ.

450 കോടി രൂപയിൽ 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയെന്നും പൊലീസ് കണ്ടെത്തി.

ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതി സംഭവത്തിൽ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്ദു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ.

അതിനിടെ അനന്ദുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്.

കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 

ട്രംപിൻ്റെ താരിഫുകൾ വിവേചനപരമാണെന്ന് ചൈന; ലോക വ്യാപാര സംഘടനയ്ക്ക് ചൈനയുടെ പരാതി

ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ ന്യായീകരിക്കാൻ ഫെൻ്റനൈൽ വ്യാപാരത്തിൽ അമേരിക്കയുടെ പങ്കിനെക്കുറിച്ച് അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന ആരോപണവുമായി ചൈന. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങളുടെ അതിർത്തി നികുതി 10% ഉയർത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ലോക വ്യാപാര സംഘടനയ്ക്ക് (ഡബ്ല്യുടിഒ) ചൈന പരാതി നൽകിയത്.

എന്നാൽ നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ കടന്നുകയറ്റം പരിഹരിക്കാനാണ് ഈ നടപടിയെന്ന് ആണ് ട്രംപിന്റെ വാദം. നടപടികൾ വിവേചനപരവും സംരക്ഷണാത്മകവുമാണെന്നും വ്യാപാര ചട്ടങ്ങൾ ലംഘിക്കുന്നതായും ഫയലിംഗിൽ ചൈന പറയുന്നു.

എന്നാൽ വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്ന സമിതിക്ക് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ചൈനയ്ക്ക് അനുകൂലമായ വിധി ലഭിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ വലുപ്പത്തെക്കുറിച്ച് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, താരിഫുകൾ യുഎസിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്നാൽ ചൈനയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ – കാനഡ, മെക്‌സിക്കോ, യൂറോപ്പ് എന്നിവയെ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വ്യാപാര അനിശ്ചിതത്വത്തോട് ബിസിനസുകൾ പ്രതികരിക്കുന്നതിനാൽ, നിക്ഷേപം നിർത്തിവയ്ക്കുകയോ ഉപഭോക്താക്കൾക്ക് പുതിയ ചിലവുകൾ നൽകുകയോ ചെയ്യുന്നതിനാൽ, യുഎസ് ഉൾപ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സ്വാധീനത്തെക്കുറിച്ച് വലിയ ആശങ്കകൾ ആണ് സൃഷ്ടിക്കുന്നത്.

വിദേശ നിർമ്മിത കളിപ്പാട്ടങ്ങൾ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവ സുരക്ഷിതമാക്കാനുള്ള മത്സരങ്ങൾ, താരിഫ് ഭീഷണികൾ എന്നിവയോട് ബിസിനസുകൾ പ്രതികരിച്ചതിനാൽ യുഎസ് ഇറക്കുമതി ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ മൂല്യം നവംബറിൽ നിന്ന് 4% ഉയർന്ന് 293.1 ബില്യൺ ഡോളറായി (234.4 ബില്യൺ പൗണ്ട്), 1992-ൽ റെക്കോർഡുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മൂല്യമാണിത് എന്ന്  വാണിജ്യ വകുപ്പ് ബുധനാഴ്ച പറഞ്ഞു.

ഏകദേശം രണ്ട് വർഷത്തിനിടയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള ഏറ്റവും വലിയ വ്യാപാര കമ്മി അല്ലെങ്കിൽ വിടവിന് ഈ വർദ്ധനവ് കാരണമായി. താരിഫുകൾ രാഷ്ട്രീയ പിരിമുറുക്കത്തിനും കാരണമായി. ചൈന ഡബ്ല്യുടിഒയ്ക്ക് പരാതി നൽകിയതിൻ്റെ വേഗത, വ്യാപാര പോരാട്ടത്തിനുള്ള ബീജിംഗിൻ്റെ സന്നദ്ധതയുടെ സൂചനയാണ്.

800 ഡോളറിൽ താഴെ വിലയുള്ള പാഴ്‌സലുകൾക്ക് ഡ്യൂട്ടി ഫ്രീ ട്രീറ്റ്‌മെൻ്റ് അവസാനിപ്പിക്കാൻ ഉത്തരവിട്ട ട്രംപിൻ്റെ നീക്കങ്ങൾ, വളരെ കുറഞ്ഞ വിലകൾ വാഗ്ദാനം ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കുന്നതിനാൽ, ഷെയ്‌നും ടെമുവും പോലുള്ള ചില സ്ഥാപനങ്ങൾക്ക് വലിയ “ഞെട്ടൽ” ഉണ്ടാകുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ ചീഫ് ചൈന ഇക്കണോമിസ്റ്റ് മാർക്ക് വില്യംസ് പറഞ്ഞു. എന്നാൽ ട്രംപിൻ്റെ താരിഫുകളുടെ അനന്തരഫലങ്ങൾ ചൈനയെ മൊത്തത്തിൽ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

WTO നടപടിക്രമങ്ങൾ യുഎസിനും ചൈനയ്ക്കും അവരുടെ തർക്കം കൂടിയാലോചനകളിലൂടെ പരിഹരിക്കാൻ 60 ദിവസങ്ങൾ നൽകുന്നു, ആ സമയത്ത് ഒരു ജഡ്ജിമാരുടെ പാനലിൻ്റെ വിധിന്യായം അഭ്യർത്ഥിക്കാൻ ചൈനയ്ക്ക് അവകാശമുണ്ട്.

ട്രംപിൻ്റെ ആദ്യ ടേമിൽ സ്റ്റീലിനും അലുമിനിയത്തിനും നേരത്തെ ചുമത്തിയ താരിഫ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന ഡബ്ല്യുടിഒയുടെ മുൻ കണ്ടെത്തലും യുഎസ് അവഗണിച്ചു. ചൈനയുടെ നിലപാടിനെ പിന്തുണയ്ക്കാൻ ഏതെങ്കിലും പ്രാരംഭ WTO തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡൻ്റ് ബരാക് ഒബാമയ്‌ക്കായി ചൈന വ്യാപാര നയത്തിൽ പ്രവർത്തിച്ച ജെഫ് മൂൺ പ്രതികരിച്ചു. ഈ കേസുകൾ പരിഹരിക്കാൻ സാധാരണയായി വർഷങ്ങളെടുക്കും, എന്നിരുന്നാലും, അപ്പീൽ പ്രക്രിയ സ്തംഭിച്ചിരിക്കുന്നതിനാൽ, അന്തിമ തീരുമാനം ഒരിക്കലും പുറപ്പെടുവിക്കില്ല.

ഷാരോൺ വധക്കേസ്: ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്‌മ

തിരുവനന്തപുരം: ഹൈക്കോടതിയെ സമീപിച്ച് ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്‌മ. ‌‌നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.

കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്.  

11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാൻ കഴിയാതെ ആന്തരീകാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്.

ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിയക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് തൂക്ക് കയർ വിധിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.

വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെ  സസ്പെൻഡ് ചെയ്തു

കോളജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. 

കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു; ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്നെന്ന് സിപിഎം നേതാവ്

0

പാലക്കാട്: സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി പന്ത്രണ്ടരയോടെയാണ് എൺപത്തിനാലുകാരിയായ ചിന്ന അന്തരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്ന രാധാകൃഷ്ണൻ വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചു.

ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

കാസർഗോഡ് തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപെട്ടു, വെടിയേറ്റെന്ന് വനം വകുപ്പ്; തെരച്ചിൽ തുടരുന്നു

0

കാസർഗോഡ്: കൊളത്തൂര്‍ മടന്തക്കോട് ഇന്നലെ രാത്രി കുടുങ്ങിയ പുലി ചാടിപ്പോയി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിനുള്ളില്‍ മുള്ളന്‍പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പിന്‍റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മയക്കു വെടി വെച്ചപ്പോൾ ആണ് പുലി രക്ഷപ്പെട്ടത്. പുലിക്ക് വെടി കൊണ്ടതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മടന്തക്കോട് അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ തുരങ്കത്തിലാണ് വൈകിട്ട് ഏഴ് മണിയോടെ പുലിയെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കൂട് വച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പെർളടക്കം, കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. പുലിയെ തേടി പ്രദേശമാകെ തെരച്ചിൽ ഊർജ്‌ജിതപ്പെടുത്തിയിരിക്കുകയാണ്. പുലി രക്ഷപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് പുലിയെ ആദ്യം കണ്ട പ്രദേശവാസി അനുപമ പറഞ്ഞു. ഇവർ മോട്ടോറിൻ്റെ സ്വിച്ച് ഓണാക്കാൻ ചെന്നപ്പോൾ അനക്കം കണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

267കാരറ്റ് ബ്ലാക് ഡയമണ്ട്, മൂന്ന് ബെൻസ് കാറിൻ്റെ വില; നെയില്‍ പോളിഷ് പ്രേമികള്‍ക്കിടയില്‍ തരംഗമായി ‘ആസച്ചര്‍’

0

കൈകളിലെയും കാലുകളിലെയും നഖങ്ങൾ വളരെ ഭംഗിയോടെ സൂക്ഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നവരാണ് പലരും. ഇതിൽ നെയിൽ പോളിഷ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങളും ക്രിയേറ്റിവിറ്റിയും ഉള്‍പ്പെടുത്തുന്നത് ഒരു വിനോദം കൂടിയാണ്. ‘നെയിൽ ആർട്ടിനായി’ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാന്‍ മടിക്കാത്തവരാണ് പലരും. ഗുണമേന്മയേറിയ അത്യാഢംബര നെയിൽ പോളിഷുകൾ ഇന്ന് വിപണി കീഴടക്കിയിരിക്കുകയാണ്. ഏറ്റവും അടുത്ത് വിപണിയിലെത്തുന്ന കോടികൾ വിലവരുന്ന ‘ആസച്ചര്‍’ ആണ് ഇപ്പോൾ നെയിൽപോളിഷ് പ്രേമികൾക്കിടയിൽ തരംഗമായിരിക്കുന്നത്.

ലാസാഞ്ചസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡാണ് ‘ആസച്ചര്‍’ ആണ് ഏറ്റവും വിലപിടിപ്പുള്ള നെയില്‍ പോളിഷ്. 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്‌സിഡീസ് ബെന്‍സിന്റെ വില വരും. അതായത് 1,63,66,000 രൂപയാണ് ഈ ബ്ലാക് ഡയമണ്ട് നെയില്‍ പോളിഷിന്റെ വില. ‘ബ്ലാക് ഡയമണ്ട് കിങ്’ എന്നാണ് ആസച്ചര്‍ പോഗോസിയാന്‍ അറിയപ്പെടുന്നത്. ഈ നെയില്‍ പോളിഷില്‍ 267കാരറ്റ് ബ്ലാക് ഡയമണ്ട് ചേര്‍ത്തിട്ടുണ്ട്. ബിയോണ്‍സെ, റിയാന്ന തുടങ്ങിയ പ്രമുഖ താരങ്ങള്‍ ബ്ലാക് ഡയമണ്ട് ആരാധകരാണ്. പ്രമുഖ ഹോളിവുഡ് താരം കെല്ലി ഓസ്‌ബോണ്‍ അടക്കം 25 പേര്‍ ഈ അത്യാഡംബര നെയില്‍ പോളിഷ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.

ഇത്രയും മനോഹരമായ ബ്ലാക് ഡയമണ്ട് എന്തുകൊണ്ട് നഖങ്ങളില്‍ പരീക്ഷിച്ചുകൂടാ എന്ന് ഞാന്‍ ഒരിക്കല്‍ ചിന്തിച്ചു അങ്ങനെയാണ് ഈ നെയില്‍ പോളിഷ് നിര്‍മ്മിക്കുന്നത്. താന്‍ ഡിസൈന്‍ ചെയ്യുന്ന ആഭരണങ്ങളുടെ മൂല്യം ഈ നെയില്‍ പോളിഷിനുണ്ടെന്ന് ഉറപ്പു നല്‍കുകയാണ് അസാച്ചര്‍ പൊഗോസിയാന്‍. പക്ഷേ, ഇത്രയും വിലപിടിപ്പുള്ള ഒരു നെയില്‍ പോളിഷ് വിപണിയിലെത്തുന്നത് ആദ്യമാണ്. ഈ നെയില്‍ പോളിഷ് വാങ്ങുന്നതിനു മുന്‍പ് പലതവണ ചിന്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഖങ്ങൾ ഭംഗിയാകുന്നതിനൊപ്പം കീശയും കാലിയാകുമെന്നു ഓർക്കണമെന്നാണ് മുന്നറിയിപ്പ്.

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ.

സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്‍റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി.

കൊച്ചി സിറ്റി പൊലീസാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സനൽകുമാർ അമേരിക്കയിലാണെന്നാണ് വിവരം. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്.

നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. 

തൃശൂരിൽ എഴുന്നള്ളിപ്പിൽ ആനയിടഞ്ഞു

തൃശൂർ: എരുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിലെ പുലർച്ചെ എഴുന്നള്ളിപ്പിൽ ആനയിടഞ്ഞതായി റിപ്പോർട്ട്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. തുടർന്ന് എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു.

ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി: 20 കോടി ലഭിച്ച ഭാഗ്യവാൻ ഇതാണ്

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന് ലഭിച്ചതായി റിപ്പോർട്ട്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും. നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നൽകുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു. സമ്മാനങ്ങൾ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘കൊന്നിട്ടില്ല’, ചികിത്സ വേണമെന്ന് കരഞ്ഞ് പറഞ്ഞ് പ്രതി; ഹരികുമാറിന് മാനസിക പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം. കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണു ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാര്‍ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാജ രേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനും അറസ്റ്റിലായി അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളില്‍ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിന്‍കര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലിയുടെ നിയമന ഉത്തരവ് നല്‍കി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ ഷിജുവില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാന്‍ഡില്‍ കഴിയുന്നത്.

കേരളം ചുട്ടുപൊള്ളുന്നു; താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

പകല്‍ 11am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.