കോഴിക്കോട് ബസ് അപകടം; ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികന്‍ മരിച്ചു

0

കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ് എതിര്‍ ദിശയില്‍ നിന്നും വരുന്ന മുഹമ്മദ് സാനിഹിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മുന്നിലുള്ള കാറിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാനിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബസ് ഇടിച്ചയുടന്‍ ബൈക്ക് യാത്രികന്‍ തെറിച്ച് കാറിന് മുന്‍വശത്തേക്ക് വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ബസ് മറിയുകയുമുണ്ടായി. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെ കോഴിക്കോട്-മാവൂര്‍ റോഡില്‍ അരയിടത്തുപാലത്താണ് അപകടം.

പരിക്കേറ്റ 40 പേർ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച നിലയിലായിരുന്നു.

Leave a Reply