മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 9 പൈസയാണ് ഇടിഞ്ഞത്. ഡോളര്‍ ഒന്നിന് 87.16 ലേക്കാണ് രൂപ തകര്‍ന്നത്.
ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ രൂപ തിരിച്ചുകയറിയിരുന്നു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് നാലുപൈസയുടെ നേട്ടത്തോടെ 87.07ലേക്കാണ് ഇന്നലെ രൂപ തിരിച്ചുകയറിയത്. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ബാരലിന് 75.82 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.
ഇന്നലെ കുതിച്ചുയര്‍ന്ന ഓഹരി വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇപ്പോള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് ഇന്നലെ ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.