വടകര മീൻമാർക്കറ്റിൽ നിർത്തിയിട്ട സ്കൂട്ടർ, സീറ്റിനടിയിൽ ഒളിപ്പിച്ച സാധനം പൊക്കി; യുവാവ് എംഡിഎംഎയുമായി പിടിയിൽ

0

കോഴിക്കോട്: വടകരയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടിഎം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

0.65 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐ വിവി ഷാജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ തെറ്റെന്ന് പരീക്ഷാ കമ്മീഷണർ

0

തിരുവനന്തപുരം: എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം ചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞില്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്. കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്‍റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 3 മണിക്ക് ഉള്ളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. 

ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം പൂർത്തിയാക്കി. 2025 എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസം നേരിടുകയുണ്ടായില്ലെന്നും പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. 

സേഫ്റ്റി പിന്‍ കുത്തി കണക്ഷന്‍ എടുക്കരുത്; ഉത്സവാഘോഷങ്ങളില്‍ ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത വേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ എന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.കെഎസ്ഇബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ എന്നും കെഎസ്ഇബി അറിയിച്ചു.

കുറിപ്പ്:

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത വേണം.

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.

കെ എസ് ഇ ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍

അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്‌സരത്തിന്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയില്‍. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയിലാണ് കേരളം. കളി നിര്‍ത്തുമ്പോള്‍ 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും അധികം പിടിച്ചു നില്‍ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

എന്നാല്‍ പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നഗ്വാസ്വെല്ല ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇത് വരെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 193 പന്തുകളില്‍ നിന്നാണ് 69 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ മത്‌സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിനെതിരെ കളിക്കാന്‍ ഇറങ്ങിയത്. ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാരെയും ബേസില്‍ തമ്പിക്ക് പകരം അഹ്മദ് ഇമ്രാനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

വയനാട്ടിൽ കാട്ടുതീ: കമ്പമല കത്തുന്നു

വയനാട്:  മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

മലയുടെ ഒരുഭാഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്.

ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്.

വിദേശ വിനോദ സഞ്ചാരി ഡാനിയേൽ മക്‌ലോഫിന്റെ കൊലപാതകം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0

പനാജി: 2017-ൽ ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഫിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 കാരനായ ഗോവ സ്വദേശിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2017 മാർച്ച് 14 ന് ദക്ഷിണ ഗോവയിലെ വനപ്രദേശത്ത് നിന്നാണ് വിനോദസഞ്ചാരിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്.  അന്വേഷണത്തിനൊടുവിൽ പ്രതിയായ വികാത് ഭഗതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും കൊലപാതകത്തിനും ഭഗതിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ, സെഷൻസ് ജഡ്ജി ക്ഷമ ജോഷി വിധിച്ചു.

പാർലമെന്റിൽ കള്ളം പറഞ്ഞു; സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയേക്കും

0

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രിതം സിങ് പാർലമെന്റിൽ കളവ് പറഞ്ഞ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. കേസിൽ ഉടൻ തന്നെ കോടതി ശിക്ഷ വിധിക്കും. ഒരു വർഷത്തിന് മുകളിൽ ജയിൽ ശിക്ഷയോ നിശ്ചിത തുകയ്ക്ക് മുകളിൽ പിഴയോ ലഭിക്കുകയാണെങ്കിൽ പ്രിതം സിങിന് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.

സിംഗപ്പൂരിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ അധ്യക്ഷനാണ് പ്രിതം സിങ്. ഒരു പാർലമെന്ററി കമ്മിറ്റിയുടെ തെളിവെടുപ്പിനിടെ കളവ് പറഞ്ഞതിന് രണ്ട് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ കോടതി ചുമത്തിയതും വിചാരണ പൂർത്തിയാക്കിയതും. 48കാരനായ പ്രിതം സിങ് കേസുകളിൽ കുറ്റക്കാരനാണെന്ന് ഡെപ്യൂട്ടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജ‍ഡ്ജ് ലൂക് ടാൻ വിധിച്ചു. 

2021ൽ വർക്കേഴസ് പാർട്ടിയുടെ മുൻ എംപി റഈസ ഖാൻ നടത്തിയ ഒരു തെറ്റായ പ്രസ്താവനയിന്മേൽ പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയിരുന്നു. ഈ വിചാരണയ്ക്കിടെ എംപിയ്ക്ക് അനുകൂലമായി പ്രിതം സിങ് കളവ് പറഞ്ഞുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രിതം സിങ് തന്റെ പദവി ദുരുപയോഗം ചെയ്തെന്നും കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷ നേതാവ് കളവ് പറഞ്ഞുവെന്നതിന് നിരവധി തെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്ന് ജഡ്ജി വിധിന്യായത്തിൽ വിശദീകരിക്കുന്നു. 2021 ഓഗസ്റ്റ് മൂന്നാം തീയ്യതി റഈസ ഖാൻ പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗമാണ് സംഭവങ്ങൾക്കെല്ലാം തുടക്കം. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയോടൊപ്പം താൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അനുകമ്പയോടെയുള്ള സമീപനമല്ല അവിടെ നിന്ന് ഉണ്ടായതെന്ന് റഈസ ഖാൻ ആരോപിച്ചിരുന്നു. എന്നാൽ വലിയ വിവാദമുണ്ടായതിന് ശേഷം താൻ പറഞ്ഞത്  അസത്യമാണെന്ന് സമ്മതിച്ച ഇവർ 2021 നവംബറിൽ രാജിവെച്ചു. 

ഈ പ്രസ്താവനയിന്മേൽ പാർലമെന്ററിന്റെ പ്രവിലേജസ് കമ്മിറ്റി 2021 ഡിസംബർ 10നും 15നും നടത്തിയ തെളിവെടുപ്പുകളിൽ പ്രിതം സിങ് കളവ് പറഞ്ഞുവെന്നാണ് ഇപ്പോൾ കണ്ടെത്തിയത്. തെറ്റായ പ്രസ്താവന തിരുത്താൻ എംപിയോട് നിർദേശിക്കുന്നതിന് പകരം കൂടുതൽ സമ്മർദമുണ്ടായില്ലെങ്കിൽ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കാൻ ഇയാൾ ഉപദേശിച്ചുവത്രെ. 

കേസിൽ വരും ദിവസങ്ങളിൽ കോടതി ശിക്ഷ വിധിക്കും. സിംഗപ്പൂരിലെ നിയമമനുസരിച്ച് 10,000 സിംഗപ്പൂർ ഡോളർ പിഴയോ ഒരു വർഷമെങ്കിലും തടവോ ശിക്ഷ വിധിക്കപ്പെടുന്നവർ പിന്നീട് എംപി സ്ഥാനത്തിരിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ യോഗ്യരല്ല. പ്രിതം സിങിനെതിരെ തെളിഞ്ഞ കുറ്റത്തിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് റിപ്പോർട്ട്. വരുന്ന നവംബറിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.

രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകി, പുറപ്പെടുക വൈകിട്ട് 6ന്; യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന്  തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധ ഉണ്ടായതായി റിപ്പോർട്ട്. മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്.

രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് ആണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിഷേധത്തിനൊടുവിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി എന്നാണ് നടുവിൽ ലഭിക്കുന്ന വിവരം.

അതേസമയം മുറി അനുവദിക്കാൻ അറിയിപ്പ് വൈകിയതിനെ തുടര്‍ന്ന് ഇവിടെയും യാത്രക്കാര്‍ പ്രതിഷേധിച്ചു.  തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് വന്നതിനെ പിന്നാലെ 15 മുറി യാത്രക്കാര്‍ക്കായി അനുവദിച്ചു. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങളാലെന്നാണ് എയര്‍ എക്സ്പ്രസ് വിശദീകരണം.

പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ

തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ.

തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ തുടങ്ങിയത്.  42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. 

‘അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധം’; പി സി ജോര്‍ജിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും.

പ്രസംഗമല്ലെന്നും, ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും, അപ്പോള്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒന്നും സംഭവിച്ചില്ല. എല്ലാവരും ചിരിച്ചതേയുള്ളൂവെന്നും പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചപ്പോള്‍, ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച്, വീണ്ടും പരാമര്‍ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് വിശദീകരിച്ചത്.

പി സി ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതാദ്യമായിട്ടല്ല പി സി ജോര്‍ജ് ഇത്തരം പരാമര്‍ശം നടത്തുന്നത്. 40 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ്. അതുകൊണ്ടു തന്നെ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ ജാഗ്രത പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍, 11 അക്കൗണ്ടുകള്‍ വഴി മാത്രം വന്നത് 548 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 143.5 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.

അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ?, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു?, തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു. എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ.

വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ബേക്കല്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോളില്‍ തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്

2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോള്‍ അപേക്ഷയും വരുന്നത്.

കേസില്‍ സുബീഷ്, സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27-നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഡിസംബര്‍ 28-ന് 14 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയും ചെയ്തു.

കേരളത്തില്‍ ഉഷ്ണതരംഗം വന്നേക്കും

കൊച്ചി: കാലാവസ്ഥാ മാറ്റങ്ങളുടെ കണക്ക് അനുസരിച്ച്  സംസ്ഥാനത്തുള്ളത് ഉഷ്ണതരംഗം വരാനുള്ള സാഹചര്യമെന്ന് വിലയിരുത്തല്‍. സമതലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.

കൊടുംചൂടില്‍ പാലക്കാട് രാജ്യത്ത് മുന്നിലായത് ശനിയാഴ്ചയാണ്- 38 ഡിഗ്രി സെല്‍ഷ്യസ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മെയ് മാസങ്ങള്‍ക്ക് മുന്‍പാണിത്. കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വര്‍ഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂര്‍ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കന്‍ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയര്‍ന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലില്‍ ആയിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്ത് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. ഒഡിഷ, ബിഹാര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതുവരിക. തമിഴ്‌നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വര്‍ഷമാണ്. തുടര്‍ന്ന് 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും ഉണ്ടായി.

ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപം മുതല്‍ ക്ഷീണവും ഛര്‍ദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണം വരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍ നിലവില്‍ അതിനുള്ള സാധ്യതയില്ല.

മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന്  അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

ഗുരുതരമായി പരിക്കേറ്റവർക്കു ധനസഹായം നൽകുന്നതിനൊപ്പം പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും.

ഗുരുവായൂർ ദേവസ്വം ബോർഡിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും യോജിച്ചുള്ള തീരുമാനം മന്ത്രി വി എൻ വാസവനാണ് അറിയിച്ചത്. ദേവസ്വം ബോർഡാണ് തുക നൽകുക.

മണക്കര ക്ഷേത്രത്തിലുണ്ടായ സംഭവം ദാരുണവും ദുഃഖകരവുമാണെന്നും വി എൻ വാസവൻ പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്.

റിജോ ബാങ്ക് കവർച്ച നടത്തിയത് രണ്ടാം ശ്രമത്തിൽ: ആദ്യ ശ്രമം ഉപേക്ഷിച്ചത്  പൊലീസ് ജീപ്പ് കണ്ടതോടെ

തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റെണി നേരത്തെയും മോഷണത്തിനായി ബാങ്കിൽ എത്തിയിരുന്നു, രണ്ടാം ശ്രമത്തിലാണ് റിജോയ്ക്ക് പണം അപഹരിക്കാനായത്.  പൊലീസ് ജീപ്പ് കണ്ടതോടെയാണ് ആദ്യ ശ്രമം ഉപേക്ഷിച്ചത്.

പൊലീസിനെ കുഴപ്പിച്ച് , മൊഴികൾ മാറ്റിപ്പറഞ്ഞ് റിജോ

മോഷണം നടത്തിയതിന് കൃത്യം 4  ദിവസം മുൻപാണ് പ്രതി  കവർച്ച ശ്രമം ആദ്യം നടത്തിയത്. എന്നാൽ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ട് ആദ്യ ശ്രമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.

ഒരു തരത്തിലുള്ള തെളിവും ലഭിക്കാതിരിക്കാൻ മുഖത്ത് മാസ്ക്, തലയിൽ ഹെൽമറ്റ്, കൈകളിൽ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചിരുന്നു. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. പൊലീസിനെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു.

കൈയിൽ ഫോൺ കരുതിയില്ല. ഇതെല്ലാം ശ്രദ്ധിച്ച പ്രതി പക്ഷേ ഹെൽമറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

15 രൂപ മോഷ്ടിച്ചതിൽ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.