സംസ്ഥാനത്ത് കുത്തനെ ഉയർന്നു സ്വർണവില

തിരുവനന്തപുരം; സംസ്ഥാനത്ത് കുത്തനെ ഉയർന്നു സ്വർണവില. പവന് 400 രൂപയോളം ആണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7940 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6535 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

6 പേരിൽ ആര്? ഇനിയും തീരുമാനമാകാതെ ദില്ലി മുഖ്യമന്ത്രി? പ്രഖ്യാപനം വൈകും; നിയമസഭ കക്ഷി യോഗം ഇന്നില്ല, ബുധനാഴ്ച്ച

0

ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്തിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബി ജെ പിക്ക് ഇതുവരെയും അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. 6 പേരുകളാണ് ദില്ലി മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, മുതിർന്ന നേതാവ് ആഷിഷ് സൂദ്, എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. സസ്പെൻസ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരം പ്രഖ്യാപനം വൈകുമെന്നതാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി ജെ പിയുടെ നിർണായക നിയമസഭ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ദില്ലിയിൽ 70 ൽ 48 സീറ്റും നേടിയാണ് ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക് ഭരണം ബി ജെ പി അവസാനിപ്പിച്ചത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ഫലം വന്ന് രണ്ടാഴ്ചയോളമാകുമ്പോഴാണ് ദില്ലിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണമായത്. ദില്ലിയിൽ മടങ്ങിയെത്തിയ മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിരുന്നു. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിംഗുമടക്കം ചർച്ചകൾ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ജനക്പൂരി എം എൽ എയായ ആഷിഷ് സൂദിന് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. ജാതി സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടിരുന്നു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.

അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയതിന് പിന്നാലെ ഇന്ത്യക്ക് മസ്കിന്‍റെ കടുംവെട്ട്! വോട്ടിംഗ് ഫണ്ട് റദ്ദാക്കി

0

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നും ഇന്ത്യക്ക് അത്ര ശുഭകരമല്ലാത്ത വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുമെന്ന് ഇലോൺ മസ്‌കിന്‍റെ ഡോജ് ടീം വ്യക്തമാക്കിയിരിക്കുകയാണ്. 21 മില്യൺ ഡോളർ അഥവാ 182 കോടി രൂപയുടെ ധനസഹായമാണ് മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്) റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന തീരുമാനമാണ് ഇതെന്നുമാണ് മസ്കിൻ്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു. മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനം കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് നഷ്ടം സംഭവിക്കുന്നതിൽ പ്രതിപക്ഷത്തിന് സന്തോഷമാണോയെന്ന് ചോദിച്ച ബി ജെ പി നേതാക്ക‌ൾ, വിദേശകാര്യത്തിലെ ബാഹ്യ ഇടപെടലാണ് പിന്നിലെന്നും വിമർശിച്ചു.

അതിനിടെ അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ചാണ് വീണ്ടും എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ് വെളിപ്പെടുത്തിയതോടെ അക്കാര്യത്തിലും മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് സന്ദർശനത്തിൽ, ഇന്ത്യക്കാരെ കെട്ടിയിട്ട് അപമാനിച്ച വിഷയം ട്രംപിനോട് പറഞ്ഞില്ല എന്നത് വ്യക്തമായെന്നാണ് ജയ്റാം രമേശ് പ്രതികരിച്ചത്. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് വീരവാദം അടിക്കുന്നത് ഭീരുക്കളെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവർ ജാഗ്രത! ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

0

ദില്ലി: ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോള്‍ പ്ലാസ കടക്കുന്നവര്‍ ഇന്ന് മുതല്‍ അറിയേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ.

1 വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.

2 ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.

3 ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.

4 ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.

5 നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.

അതേസമയം പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നുള്ള വാർത്ത പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും എന്നതാണ്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതൽ സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക് പ്രതിമാസ പാസ് അനുവദിക്കും. പാസ് എടുക്കാൻ ഈ മാസം അവസാനം വരെ സമയം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ടോള്‍ പിരക്കാനുള്ള നീക്കം തടയുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രതിഷേധത്തിൽ സംഘർഷ സാധ്യതയുണ്ട്.

എംഡിഎംഎയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സഫാസ് (35) ആണ് പൊലീസ് പിടിയിലായത്.

യുവാക്കൾക്കിടയിൽ വിൽപ്പനക്കായി എംഡിഎംഎ കൊണ്ടുവരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ എ എസ് പി കെ എ അബ്ദുൽസലാമിന്റെ്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം പാലാരിവട്ടം JTR റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം  എംഡിഎംഎ  പിടികൂടിയത്.

ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക അടുത്ത ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി

0

കൊച്ചി: ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് കളമശ്ശേരി മണ്ഡലത്തിൽ “ഒപ്പം “എന്ന പേരിൽ നടന്നു വരുന്ന പദ്ധതികളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്നു വരുന്ന “ഒപ്പം “സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ആധുനിക ചികിത്സാ സംവിധാനങ്ങളും പ്രതിഭാശാലികളായ ആരോഗ്യ പ്രവർത്തകരെയും ഒരു കുടക്കീഴിൽ എത്തിച്ച് സാധാരണക്കാരായ ജനങ്ങൾക്ക്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാകുന്നതിനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ് . ഒപ്പം മെഡിക്കൽ ക്യാമ്പ് നാലാമത്തെ പതിപ്പിലേക്ക് കടക്കുമ്പോൾ മുൻ വർഷങ്ങളിൽ നടന്ന ക്യാമ്പുകളിലായി കാൽ ലക്ഷത്തോളം ആളുകൾക്ക് ചികിത്സ ഉറപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സൂചികകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നവജാത ശിശു മരണ നിരക്കി‌ക്കും മാതൃമരണ നിരക്കും കുറയ്ക്കാൻ സാധിച്ചു. ആയുർ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ നാട്. പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളത്തിലെ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചത്.

ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യം.  നവ കേരള മിഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്ര മിഷന്റെ നേതൃത്വത്തിൽ 30 വയസ്സിന് മുകളിലുള്ളവരെ ക്യാൻസർ സ്ക്രീനിംഗിന് വിധേയരാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ. 12 മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ആദ്യ ഒരു മാസം സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സ്ക്രീനിംഗ് നടക്കുന്നത്. 

കാമ്പയിൻ തുടങ്ങി ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ 1,36000 സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായത്. ക്യാൻസർ നിർണയിച്ചാൽ എന്താകുമെന്ന ഭയം കാമ്പയിനിൽ പങ്കെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കി രോഗത്തെ തുടച്ചുനീക്കാൻ സാധിക്കുമെന്ന് മനസിലാക്കി എല്ലാവരും കാമ്പയിനുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ ചികിത്സാ മേഖലയിൽ എറണാകുളം ജില്ലയെ സംബന്ധിച്ച് ഏറ്റവും പ്രധാന വർഷമായിരിക്കും 2025. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഏതാനും മാസങ്ങൾക്കകം പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലും ആധുനിക രീതിയിലുള്ള ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

 കളമശ്ശേരി മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയാണ് ഒപ്പം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബിപിസിഎൽ, ഐഎംഎ എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ അധ്യക്ഷത വഹിച്ചു. പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കൊച്ചിൻ കാർഡിയാക്ക് ഫോറം പ്രസിഡന്റ്‌ ഡോ. നവീൻ മാത്യു, ഐ. എം. എ കൊച്ചിൻ പ്രസിഡന്റ് ഡോ ജുനൈദ് റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ടി. വി പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർമാൻ എ. ഡി സുജിൽ , പഞ്ചായത്ത് പ്രസിഡന്റുമാരായ സൈന ബാബു, പി. എം മനാഫ്, സുരേഷ് മുട്ടത്തിൽ, സബിതാ നാസർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആശ ദേവി, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം ) ഗീതാ കുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) മേഴ്സി ഗോൺസാൽവസ് , കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഇരുനില വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

0

മം​ഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. മം​ഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ചാർജ് ചെയ്യാൻ കുത്തിവെച്ച് സോഫയിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു. 

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി. രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ  നിയന്ത്രണവിധേയമാക്കിയത്. ആ സമയത്ത് സ്വിച്ച് ഓൺ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ആൽബർട്ട് മോനിസ്, പ്രാദേശിക നേതാവ് ഹരിപ്രസാദ് ഷെട്ടിഗർ, ഡ്രൈവർ ജയ മൂല്യ, രവിചന്ദ്ര എന്നിവർ തീയണയ്ക്കൽ പ്രവർത്തനത്തിൽ പങ്കാളികളായി. 

ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി; ‘ആശ വർക്കർമാരെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാകാം’

0

തിരുവനന്തപുരം : വേതനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവർക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വർക്കർമാർ സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.

വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ഏഴാം  ദിവസവും സെക്രട്ടറിയേറ്റിന് മുന്നിൽ ഇരിക്കുന്ന സമരക്കാർക്കെതിരെയാണ് ധനമന്ത്രിയുടെ ആക്ഷേപം. പാലപ്പെട്ട തൊഴാലാളികളോട് പിന്തുണയുണ്ടെന്ന് പറയുന്ന മന്ത്രി, ഓണറേറിയം കുടിശ്ശികയായതിന്‍റെ കാരണവും കേന്ദ്ര സഹായം കിട്ടാത്തിന്‍റെ മുകളിൽ ചാരുന്നു. വകുപ്പ് മന്ത്രിയും പഴിക്കുന്നത് കേന്ദ്രത്തെയാണ്. എന്നാൽ മന്ത്രിമാർ ആക്ഷേപിച്ചാൽ സമരം അവസാനിപ്പിക്കില്ലെന്നും പിന്തിരിഞ്ഞുപോകില്ലെന്നുമാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മറുപടി.

ചാലക്കുടി ബാങ്ക് കവര്‍ച്ച; മോഷ്ടാവ് മലയാളി തന്നെയെന്ന് പോലീസ്

തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവർച്ച നടത്തിയത് മലയാളി തന്നെയെന്ന നിഗമനത്തില്‍ പോലീസ്. തദ്ദേശീയരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ് സംഘം.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് വിവരം. കവർച്ച നടത്തിയത് പ്രൊഫഷണല്‍ മോഷ്ടാവ് അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാള്‍ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്.

മോഷ്ടാവെത്തിയ ഇരുചക്രവാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിട്ടും ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വാഹനവും കണ്ടെത്താനായിട്ടില്ല. പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചേക്കും.

ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

നിരീക്ഷണ ക്യാമറകളില്‍ പെട്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്.

47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താൻ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവർച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.

കണക്കില്ലാതെ ടിക്കറ്റ് വിറ്റു, യാത്രക്കാര്‍ നിറഞ്ഞതോടെ പ്രത്യേക ട്രെയിന്‍; ന്യൂ ഡല്‍ഹി സ്റ്റേഷനില്‍ സംഭവിച്ചത്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നാണ് വിവരം.

പ്രായാഗ് രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 14 ല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 13 ലും ഉണ്ടായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ വൈകുകയും അര്‍ധ രാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. ഇതിന് പുറമെ കൂടുതല്‍ ടിക്കറ്റുകള്‍ കൂടി വിറ്റതോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 14 ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയുമായിരുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും തുടര്‍ച്ചയായ ടിക്കറ്റ് വില്‍പ്പനയും പരിഗണിച്ച് റെയില്‍വെ പ്രയാഗ് രാജിലേക്ക് പ്രത്യേക തീവണ്ടി അനൗണ്‍സ് ചെയ്തു. പ്ലാറ്റ്‌ഫോം 16 ല്‍ നിന്നും യാത്ര ആരംഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ട്രെയിന്‍ അനൗണ്‍സ്‌മെന്റ് കേട്ടതും പ്ലാറ്റ്‌ഫോം നമ്പര്‍ല 14 ലെ യാത്രക്കാര്‍ ഒന്നടങ്കം തിരക്കിട്ട് മേല്‍പ്പാലത്തിലൂടെ 16 ലേക്ക് ഓടി. ഇതിനിടെ ഓവര്‍ബ്രിഡ്ജില്‍ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് യാത്രക്കാര്‍ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് പട്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്ഫോമിലും ജമ്മുവിലേക്കുള്ള ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി 15-ാം പ്ലാറ്റ്ഫോമിലും നില്‍ക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം; മുസ്ലിം ലീഗ് നേതാവിന് പിഴ ശിക്ഷ

കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം, മുസ്ലീം ലീഗ് പ്രാദേശിക നേതാവിന് പിഴ ശിക്ഷ. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ പിഴ വിധിച്ചു. കണ്ണൂർ, ന്യൂ മാഹി പഞ്ചായത്ത്‌ അംഗം ടി എച്ച് അസ്ലമിനെതിരെയാണ് കോടതി ഉത്തരവ്.

യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാനും വാർഡ് അംഗവുമാണ് അസ്ലം.ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ കെ ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയത്.മുസ്ലിങ്ങൾ വർഗ്ഗീയവാദികളാണെന്ന് കെ കെ ശൈലജ പറയുന്നതായുള്ള വ്യാജ വിഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെയടക്കം പ്രചരിപ്പിച്ചത്.

‘നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം; ലേഖനം സ്റ്റാര്‍ട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം’

തിരുവനന്തപുരം: തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പല കുറ്റങ്ങളും കുറവുകളുമുണ്ട്. പല കാര്യങ്ങളും നന്നാക്കേണ്ടതുണ്ടെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. തൊഴിലില്ലായ്മ കേരളത്തില്‍ വളരെ രൂക്ഷമാണ്. രാജ്യത്ത് ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ മോശം കേരളമാണ്. കാര്‍ഷിക മേഖലയില്‍, റബര്‍, കശുവണ്ടി, പൈനാപ്പിള്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 80 ശതമാനവും നഷ്ടത്തിലാണ്.

ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ നയിക്കുന്നത് എല്ലാം ശരിയായ രീതിയിലാണെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ ഒരു മേഖലയെപ്പറ്റി, വസ്തുതയും കണക്കുകളും അടിസ്ഥാനമാക്കിയാണ് പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാനമില്ലാതെ താന്‍ എഴുതാറില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചാല്‍ അത് ശ്രദ്ധിക്കാമെന്നും തരൂര്‍ പറഞ്ഞു.

ഒരിക്കലും എല്‍ഡിഎഫ് സര്‍ക്കാരിനോ, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനോ നൂറുശതമാനം മാര്‍ക്ക് കൊടുത്തിട്ടില്ല. ഒരു മേഖലയില്‍ അവര്‍ ചെയ്ത കാര്യം റിപ്പോര്‍ട്ട് വായിച്ച് പിന്തുണ കൊടുക്കുകയാണ് ചെയ്തത്. അടുത്ത തവണ നിങ്ങള്‍ പ്രതിപക്ഷത്താണെങ്കില്‍, ഞങ്ങള്‍ അത് തുടര്‍ന്നാല്‍, നിങ്ങള്‍ എതിര്‍ക്കരുതെന്നും ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്. ഇത് കേരളത്തിന്റെ ആവശ്യമാണ്. മലയാളി ജനപ്രതിനിധി എന്ന നിലയിലാണ്, ഈ വിഷയത്തെ കണ്ടതും എഴുതിയതും. തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലേഖനത്തില്‍ സിപിഎമ്മിന്റേ പേരോ, രാഷ്ട്രീയമോ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ നല്ലതെന്നും പറഞ്ഞിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയണമെങ്കില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നിന്ന് വേണം അഭിപ്രായം പറയേണ്ടതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങളോട്, അങ്ങനെയൊരു ആവശ്യം വന്നാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു തരൂരിന്റെ പ്രതികരണം. പിണറായി വിജയന്‍ സര്‍ക്കാരിനെ ലേഖനത്തില്‍ പുകഴ്ത്തിയിട്ടില്ല. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കട്ടെ. തെറ്റ് ബോധ്യമായാല്‍ തിരുത്തും. താനെഴുതിയത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി

അന്തര്‍സംസ്ഥാന എസി സ്ലീപ്പര്‍ ബസുകളുമായി കെഎസ്ആര്‍ടിസി, വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി

കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ എസി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കും. സ്വകാര്യ ബസുകള്‍ക്ക് അമിത തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും. സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

34 എസി സ്ലീപ്പര്‍ ബസുകള്‍ക്കാണ് നിലവില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഡിസൈന്‍, നിര്‍മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍ എന്നിവയക്കായി കോര്‍പ്പറേഷന്‍ ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപയുടെ ബജറ്റ് വിഹിതം കെഎസ്ആര്‍ടിസിക്ക് ആശ്വാസമാണ്. നിരക്ക് വര്‍ധിപ്പിക്കാതെ എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളും എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും പദ്ധതികളുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി നല്‍കുന്നതിന് കെഎസ്ആര്‍ടിസി എസി സെമി സ്ലീപ്പര്‍ ബസുകളും വിന്യസിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ സര്‍വീസ് നടത്തും. തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. പ്രധാനമായും കോട്ടയം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസുകളെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നിരന്തര പീഡനം; 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 33 വർഷം തടവും പിഴയും

0

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ 42 കാരന് 33 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി കോടങ്ങാട് ചിറയിൽ കുറ്റിയോളത്തിൽ കുന്നുമ്മൽ സമീറിനെയാണ് (42) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പ്രതി പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് ഓരോ വകുപ്പിലും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണം.

സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. അതിജീവിതയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടർന്നും അശ്ലീല വീഡിയോകൾ അയച്ച് നൽകിയും മറ്റും വശീകരിച്ച് 2023 ആഗസ്റ്റ് മാസം മുതൽ ഒക്ടോബർ 24 വരെയുള്ള പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. കൊണ്ടോട്ടി പൊലിസ് ഇൻസ്‌പെക്ടർ കെ.എൻ മനോജ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചതും.

 സ്ത്രീകളുടെ കാലുകളോട് അഭിനിവേശം, പരിശോധിച്ചപ്പോൾ ഫോണിൽ ആയിരത്തിലധികം ഫോട്ടോകൾ, 25കാരനെ കൈയോടെ പൊക്കി പൊലീസ്

സിവിൽ പൊലീസ് ഓഫിസർ പി.ഹരിലാൽ കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ മനോജ് 28 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രോസിക്യുഷൻ ലൈസൺ വിങ്ങിലെ എ.എ സ്.ഐ ആയിഷ കിണറ്റിങ്ങൽ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

അമേരിക്ക നാടുകടത്തിയവരുമായി ഒരു വിമാനം കൂടി ഇന്ന് രാജ്യത്തെത്തും; ഇന്നലെയെത്തിച്ചവർക്ക് വിലങ്ങില്ലെന്ന് സൂചന

0

ദില്ലി : അമേരിക്കയിൽ നിന്ന് നാടുകടത്തിയവരുമായി ഒരു വിമാനം കൂടി ഇന്ന് അമൃത്സറിലെത്തും. ഇന്ന് രാത്രിയെത്തുന്ന വിമാനത്തിൽ 150 ഓളം പേരുണ്ടെന്നാണ് വിവരം. ഇന്നലെ അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ചവരെ വിലങ്ങുവച്ചിരുന്നില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. രണ്ടു വിമാനങ്ങൾ കൂടി അമേരിക്ക ഈയാഴ്ച അയക്കുമെന്നാണ് സൂചന. 

116 പേരുമായി അമേരിക്കൻ സൈനിക വിമാനം ഇന്നലെ പതിനൊന്നരയ്ക്കാണ് അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്. അമേരിക്ക നാടുകടത്തിയവരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും കേന്ദ്രമന്ത്രി രവിനീത് സിംഗ് ബിട്ടുവും വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. തിരിച്ചെത്തിയവരിൽ 65 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരും. ഗുജറാത്ത്, യുപി, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് അമേരിക്കൻ സി17 സൈനിക വിമാനം അമൃത്സറിൽ ഇറങ്ങുന്നത്. 

ആദ്യ വിമാനത്തിൽ കൊണ്ടു വന്നവരെ വിലങ്ങും ചങ്ങലയും ഇട്ടത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയെ ഇതിൽ ആശങ്ക അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ എത്തിച്ചവരാരും വിലങ്ങും ചങ്ങലയും ഇട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല. ആകെ 487 ഇന്ത്യക്കാരുടെ പട്ടികയാണ് അമേരിക്ക നാടുകടത്തലിന് തയ്യാറാക്കിയത്. ഇവരെ സ്വീകരിക്കും എന്ന് പ്രസിഡൻറ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.  ഈയാഴ്ച രണ്ടു വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്നാണ് സൂചന. 

പുണ്യനഗരമായ അമൃത്സറിൽ നാടുകടത്തിയവരെ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനെന്ന് ഇന്നലെ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി. അമേരിക്കൻ കോൺസുലേറ്റ് ഉള്ള നഗരങ്ങളിൽ ഇവരെ ഇറക്കരുത് എന്ന നിബന്ധന അമേരിക്ക വച്ചു എന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ പഞ്ചാബിൽ നിന്നുള്ളവരുടെ എണ്ണം കൂടുതലായതു കൊണ്ടാണ് അമൃത്സറിൽ ഇറക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.