Monday, March 24, 2025

‘അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധം’; പി സി ജോര്‍ജിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും.

പ്രസംഗമല്ലെന്നും, ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും, അപ്പോള്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞുവെന്നും പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒന്നും സംഭവിച്ചില്ല. എല്ലാവരും ചിരിച്ചതേയുള്ളൂവെന്നും പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചപ്പോള്‍, ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച്, വീണ്ടും പരാമര്‍ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് വിശദീകരിച്ചത്.

പി സി ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതാദ്യമായിട്ടല്ല പി സി ജോര്‍ജ് ഇത്തരം പരാമര്‍ശം നടത്തുന്നത്. 40 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ്. അതുകൊണ്ടു തന്നെ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ ജാഗ്രത പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

Latest News

ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വർഷമായി...

More News