ഇന്ദിരാഗാന്ധിയെക്കുറിച്ച് പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു: സുരേഷ് ഗോപി

0

തിരുവനന്തപുരം: ഇന്ദിരാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നു പറഞ്ഞതിലാണ് തിരുത്തലുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കില്ല. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഭാഷയുടെ കോണ്‍ടെക്‌സ്ച്വല്‍ മീനിങ്ങ് അറിയാവുന്നവരല്ലേ നിങ്ങളെല്ലാം. ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. അതിന് ഫൗണ്ടേഴ്‌സും കോ ഫൗണ്ടേഴ്‌സും ഉണ്ടാകാം. പക്ഷെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. അതുപോലെ ഭാരതം എന്നു പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ മാതാവാണ് ഇന്ദിരാഗാന്ധി എന്നത് ഹൃദയത്തില്‍ വെച്ചു കൊണ്ടാണ് പറഞ്ഞത്. അതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയും രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന പറയുന്ന വ്യംഗ്യം പോലും അതില്‍ ഇല്ലെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്നു കാണുന്നപോലെ. ഒരുപക്ഷേ മാനസപുത്രന്‍ എന്ന് അദ്ദേഹം തന്നെ ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനുള്ള മര്യാദയാണ്. ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂങ്കുന്നം മുരളീ മന്ദിരത്തില്‍ പത്മജയ്‌ക്കൊപ്പം കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡലപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തനിക്ക് മാതൃകകളായവരെപ്പറ്റി സുരേഷ്‌ഗോപി പറഞ്ഞത്. ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്ന സാഹചര്യത്തിലാണ് സുരഷ്‌ഗോപിയുടെ ഇന്നത്തെ വിശദീകരണം.

Leave a Reply