മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് മൂന്ന് തവണ; റിപ്പോര്‍ട്ട് പുറത്ത്; ഐജി അന്വേഷിക്കണമെന്ന് നടി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് നടി രംഗത്തെത്തി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അന്വേഷണം നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തേ അക്രമണത്തിന് വിധേയമായ നടിക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയില്‍ മെമ്മറി കാര്‍ഡ് സൂക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് പരിശോധിച്ചു. എന്നാല്‍ ഈ ഫോണ്‍ 2022-ല്‍ നഷ്ടമായെന്നാണ് ഇയാളുടെ മൊഴി. 2021 ജൂലൈ 19ന് കോടതി ശിരസ്തദാര്‍ താജുദ്ധീനും മെമ്മറി കാര്‍ഡ് പരിശോധിച്ചു. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല. പരിശോധനയുടെ ഭാഗമായി മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here