‘സംവരണം നിര്‍ത്തലാക്കും’; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

0

ന്യൂഡല്‍ഹി: പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു എന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. വീഡിയോക്കെതിരെ ബിജെപി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കണമെന്ന് അമിത് ഷാ വാദിക്കുന്നു എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു രാഷ്ട്രീയ റാലിക്കിടെ നടത്തിയ ഷായുടെ യഥാര്‍ത്ഥ പ്രസ്താവനയെ വളച്ചൊടിച്ചാണ് കൃത്രിമ വീഡിയോ നിര്‍മ്മിച്ചതെന്ന് ബിജെപി പറഞ്ഞു. വിവാദങ്ങള്‍ക്കും തെറ്റായ ആരോപണത്തിനും ഇടയാക്കിയ വ്യാജ വീഡിയോക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.തെലങ്കാനയിലെ മുസ്ലീങ്ങള്‍ക്കുള്ള സംവരണ ക്വാട്ട വിഷയത്തില്‍ അമിത് ഷായുടെ പരാമര്‍ശം തെറ്റായി ചിത്രീകരിക്കാന്‍ വീഡിയോയില്‍ മാറ്റം വരുത്തിയതായി ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു. തികച്ചും വ്യാജവും വലിയ തോതിലുള്ള സംഘര്‍ഷത്തിന് സാധ്യതയുള്ളതുമായ എഡിറ്റ് ചെയ്ത വീഡിയോയാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.

എസ്സി/എസ്ടി, ഒബിസി സംവരണത്തിന് പിന്നാലെ, മുസ്ലീങ്ങള്‍ക്കുള്ള ഭരണഘടനാ വിരുദ്ധ സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചതായി വീഡിയോയില്‍ പറയുന്നു. നിരവധി കോണ്‍ഗ്രസ് വക്താക്കള്‍ ഈ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് അവര്‍ വിധേയരാകേണ്ടി വരുമെന്ന് അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here