പ്രവിയയെ കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ; യുവതിയെ നേരത്തെയും സന്തോഷ് ഭീഷണിപ്പെടുത്തി

0

പാലക്കാട്: പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ പ്രവിയയെ സന്തോഷ് തീകൊളുത്തി കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ എന്ന് പൊലീസ്. പറഞ്ഞ സമയത്ത് പ്രവിയയെ കാണാതെ വന്നതോടെ അന്വേഷിച്ച് എത്തുമ്പോള്‍ സന്തോഷ് തിടുക്കപ്പെട്ട് പോകുന്നത് കണ്ടതായി പ്രതിശ്രുത വരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. പ്രവിയയെ നേരത്തെയും സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്ന് ആവശ്യപ്പെട്ടതായും കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.

ഇന്നലെയാണ് പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പില്‍ കെ പി പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂര്‍ മൂലടിയില്‍ സന്തോഷ് (45), യുവതി മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് പ്രവിയയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചതാണ് സന്തോഷിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പെ പ്രവിയയെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി എന്ന് പ്രവിയയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പ്രവിയ ജോലി ചെയ്യുന്ന സമയത്ത് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഒരു ഘട്ടത്തില്‍ സന്തോഷിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തില്‍ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.ആറു മാസം മുന്‍പ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായതെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here