‘ഒടിപി ചതിച്ചു’; വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ

0

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത് വഴിയെന്ന് പൊലീസ്. പണയം വച്ചപ്പോള്‍ ഒടിപി ലഭിക്കുന്നതിനായി നല്‍കിയ മൊബൈല്‍ നമ്പറാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു. നെടുവേലി കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി അലക്‌സ്, കവിത എന്നിവരാണ് പാലക്കാട്ടുനിന്നു പിടിയിലായത്.കഴിഞ്ഞദിവസമാണ് ഫാത്തിമയെ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്‌സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികള്‍ ശനിയാഴ്ച പകല്‍ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിച്ചു.

മോഷണ മുതല്‍ അടിമാലിയില്‍ പണയം വച്ചതിന് ശേഷം പ്രതികള്‍ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. നാട്ടുകാരില്‍നിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതികള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കിലും പണയം വച്ചപ്പോള്‍ ഒടിപി ലഭിക്കുന്നതിനായി നല്‍കിയ മൊബൈല്‍ നമ്പറാണ് പ്രതികളെ കുടുക്കിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്ന് ഇരുവരെയും പിടികൂടിയത്.പാലക്കാട് നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here