വിദ്യാര്‍ഥികളേ ഇതിലേ..ഇതിലേ; ജയിച്ചവരും തോറ്റവരും ഒരുപോലെ അമ്പരന്ന മണ്ഡലം

0

കരുത്തുറ്റ പോരാട്ടത്തില്‍ വമ്പന്‍മാരെ അട്ടിമറിച്ച മണ്ഡലം. ജയിച്ചവരും തോറ്റവരും ഒരുപോലെ അമ്പരന്നതാണ് ആലത്തൂരിന്റെ ലോകസ്ഭാ തെരഞ്ഞടുപ്പ് ചരിത്രം. കുത്തകയെന്ന് അവകാശപ്പെട്ടവരുടെ കോട്ടകള്‍ ഇവിടെ നിശേഷം തകര്‍ന്നുവീണു. ഇത്തവണയും സൂപ്പര്‍ പോരാട്ടമാണ് സംവരണ മണ്ഡലങ്ങളിലൊന്നായ ആലത്തൂരില്‍. കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന കെആര്‍ നാരായണനും വിദ്യാര്‍ഥിയായിരിക്കെ എസ് ശിവരാമനും ലോക്സഭയില്‍ എത്തിയത് ഈ മണ്ണില്‍ നിന്നാണ്.

പാലക്കാടന്‍ ചുരത്തിലുള്ള നെല്ലിയാമ്പതി മലനിരകളില്‍നിന്നു തുടങ്ങുന്ന പഴയ ഒറ്റപ്പാലമാണ് പേരുമാറി ആലത്തൂര്‍ മണ്ഡലമായത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയില്‍പ്പെട്ട ചിറ്റൂര്‍, നെന്മാറ, തരൂര്‍ , ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുമാണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്.

കോണ്‍ഗ്രസിന്റെ കുത്തകയായപ്പോള്‍ സിപിഎമ്മും, സിപിഎമ്മിന്റെ കുത്തകയായപ്പോള്‍ കോണ്‍ഗ്രസും മാറി മാറി ജയിച്ചു. 1977ല്‍ കോണ്‍ഗ്രസ്സിന്റെ കെ കുഞ്ഞമ്പുവാണ് ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് യുവനേതാവായി എത്തിയ എകെ ബാലന്‍ സീറ്റ് തിരിച്ചുപിടിച്ചു. കൈവിട്ടുപോയ മണ്ഡലം ഒപ്പം നിര്‍ത്താന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയത് കെ ആര്‍ നാരായണനെ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു പഠിച്ചിറങ്ങിയ, ഹാരള്‍ഡ് ലാസ്‌കിയുടെ ശിഷ്യനെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയത്തിലേക്ക് നാരായണനെ ക്ഷണിച്ച ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയെന്ന് കാലം തെളിയിക്കുകയും ചെയ്തു.കെആര്‍ നാരായണനെ മണ്ഡലം മൂന്നു തവണ തുടര്‍ച്ചയായി ജയിപ്പിച്ചു. മണ്ഡലത്തിലെ ആദ്യഹാട്രിക്. നാരായണനെതിരെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെ വരെ സിപിഎം പരീക്ഷിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അദ്ദേഹം ഉപരാഷ്ട്രപതിയായതിനെത്തുടര്‍ന്ന് 1993ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന സ്ഥാനാര്‍ഥി കെകെ ബാലകൃഷ്ണനെ അട്ടിമറിച്ച് പുതുമുഖമായ എസ് ശിവരാമന്‍ ഒറ്റപ്പാലം തിരിച്ചുപിടിച്ചു. 1.32 ലക്ഷമായിരുന്നു അന്നത്തെ 26കാരന്റെ ഭൂരിപക്ഷം.1996ലെ തെരഞ്ഞെടുപ്പില്‍ സിപിഎം നിര്‍ത്തിയത് എസ് അജയ് കുമാറിനെ. 2004വരെ വിജയം അജയ്കുമാറിനൊപ്പം നിന്നു. മണ്ഡലം ഇടതുമുന്നണിയുടെ കോട്ടയാക്കി. ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ തവണ ലോക്സഭയിലെത്തുന്ന യുവനേതാവായി അജയകുമാര്‍.2009ലെ പുനഃക്രമീകരണത്തോടെയാണ് ഒറ്റപ്പാലം മാറി ആലത്തൂര്‍ മണ്ഡലമായത്. ആദ്യതെരഞ്ഞെടുപ്പില്‍ കോട്ടകാക്കാന്‍ ഇടതുമുന്നണി നിര്‍ത്തിയത് എസ്എഫ്ഐ നേതാവ് പികെ ബിജുവിനെ. കോണ്‍ഗ്രസ് എന്‍കെ സൂധീറിനെയും. പ്രതിഭകളായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത ചരിത്രഭൂമി ബിജുവിനെ ലോക്സഭയിലെത്തിച്ചു. ഭൂരിപക്ഷം 20,960.2014ല്‍ സിപിഎം ബിജുവിന് തന്നെ അവസരം നല്‍കി. ഇത്തവണ യുഡിഎഫ് കെഎ ഷീബയെ സ്ഥാനാര്‍ഥിയാക്കി. വോട്ടെണ്ണിയപ്പോള്‍ ബിജുവിന്റെ ഭൂരിപക്ഷം 37,444ആയി വര്‍ധിച്ചു. കെആര്‍ നാരായണന്റെയും അജയകുമാറിന്റെയും ഹാട്രിക് വിജയത്തിനൊപ്പം എത്തുകയെന്ന ലക്ഷ്യത്തോടെ 2019ല്‍ മൂന്നാം തവണയും ബിജുവിനെ തന്നെ എല്‍ഡിഎഫ് രംഗത്തിറക്കി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസിനെയും നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാതെ ആലത്തൂരിലെത്തിയ രമ്യ നടത്തിയത് തകര്‍പ്പന്‍ പോരാട്ടം. നാടന്‍ പാട്ടുകളുമായി എത്തിയ രമ്യയെ നാട്ടുകാര്‍ പാട്ടുപാടി സ്വീകരിച്ചു. അതിനൊപ്പം രാഹുല്‍ തരംഗവും.

വോട്ടെണ്ണിയപ്പോള്‍ ഇടതുപക്ഷത്തിന്റെ അഭിമാനക്കോട്ട തകര്‍ന്നുവീണു. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. കെആര്‍ നാരായണനില്‍ നിന്ന് എസ് ശിവരാമന്‍ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വര്‍ഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു. അതും മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍.ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ട്. 2009 തിരഞ്ഞെടുപ്പില്‍ എം ബിന്ദു 53890 വോട്ട് നേടിയപ്പോള്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ഷാജു മോന്‍ 87,803 വോട്ടുകള്‍ നേടി. 2019ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബുവിനെയായിരുന്നു ബിജെപി രംഗത്തിറക്കിയത്. 89837 വോട്ടുകള്‍ നേടി. ഇത്തവണ മോദി സര്‍ക്കാരിന്റെ വികസനം മുന്‍നിര്‍ത്തി ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാനാവുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

കോട്ട കാക്കുകയാണ് ഇരുകുട്ടരും ലക്ഷ്യമിടുന്നത്. സാധരാണക്കാരന്റെ ജീവിതം തൊട്ടറിയുന്നവരെ കളത്തിലിറക്കിയാണ് ഇരുകൂട്ടരും വിജയം കാത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കണക്കുകളില്‍ ഇടതുമുന്നണി അതിദൂരം മുന്നിലാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ അത് വേറെ തന്നെയാണെന്നാണ് കോണ്‍ഗ്രസും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here