‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത് എആർ റഹ്മാൻ അല്ല; ഗുരുതര ആരോപണവുമായി രാം ഗോപാൽ വർമ

0

എആർ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ രാം ഗോപാൽ വർമ. ഓസ്‌കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘സ്ലം ഡോഗ് മില്യണയറിലെ ‘ജയ് ഹോ’ എന്ന പാട്ട് എആർ റഹ്മാന്‍ ചിട്ടപ്പെടുത്തിയതല്ലെന്ന് രാം ഗോപാൽ വർ‌മയുടെ വെളിപ്പെടുത്തൽ. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

”ജയ് ഹോ’ യഥാർത്ഥത്തിൽ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ചിട്ടപ്പെടുത്തിയത്. 2008ൽ സുഭാഷ് ഘായ്‌ സംവിധാനം ചെയ്ത ‘യുവരാജ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് പാട്ടിനു പിന്നിൽ’. ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോൾ റഹ്മാൻ ലണ്ടനിലായിരുന്നെന്നും രാം ഗോപാൽ വർമ പറഞ്ഞു.

സംവിധായകൻ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് പറഞ്ഞതോടെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കി. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ നൽകിയത് സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണെന്ന് അറിഞ്ഞപ്പോൽ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് റഹ്മാനോട് ചോദിച്ചിരുന്നുവെന്നും രാം ഗോപാൽ വർമ പറഞ്ഞു. ഇതിന് ‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നും രാം ഗോപാൽ വർമ പറഞ്ഞു.

2009ലാണ് ഡാനി ബോയ്ൽ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയർ’ പുറത്തിറങ്ങിയത്. എ.ആർ.റഹ്മാൻ, സുഖ്‌വിന്ദർ സിങ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നാണ് ജയ്‌ ഹോ ഗാനം ആലപിച്ചത്. പാട്ടൊരുക്കുന്ന വേളയിൽ കോവിഡ് ലോക്ഡൗണിനു സമാനമായ സാഹചര്യമായിരുന്നുവെന്നും താൻ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here