ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

0

ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ് സ്ഥലം വിട്ടു. എപ്രില്‍29ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു സംഭവം. 28കാരനായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യ അഫ്‌സാനെയെ മുത്തലാഖ് ചൊല്ലിയത്.

ട്രെയിനില്‍വച്ച് അര്‍ഷാദ് അഫ്‌സാനയെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ട്രെയിന്‍ ഝാന്‍സിയിലെത്തിയതിന് പിന്നാലെ, ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് അഫ്‌സാന വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അര്‍ഷാദും രാജസ്ഥാന്‍ സ്വദേശിനിയായ അഫ്‌സാനയും തമ്മിലുളള വിവാഹം ജനുവരി 12നായിരുന്നു. മാട്രിമോണിയല്‍ വഴിയായിരുന്നു വിവാഹം. കഴിഞ്ഞയാഴ്ച ഇരുവരും പുഖ്രായനിലെ അര്‍ഷാദിന്റെ തറവാട്ടുവീട്ടില്‍ എത്തിയപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണെന്ന് അഫ്‌സാന അറിഞ്ഞത്.ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ഷാദും ഉമ്മയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതായും ഒടുവില്‍ ട്രെയിനില്‍ വച്ച് മുത്തലാഖ് ചൊല്ലുന്നതുവരെ പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. അതിനിടെ, ഇത്തരത്തില്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുന്ന അഫ്‌സാനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അര്‍ഷാദ്, മാതൃസഹോദരന്‍ അഖീല്‍, പിതാവ് നഫീസുല്‍ ഹസന്‍, മാതാവ് പര്‍വീണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കിള്‍ ഓഫീസര്‍ പ്രിയ സിംഗ് പറഞ്ഞു.

Leave a Reply