ഇലക്ടറല്‍ ബോണ്ട് വേണ്ടെന്ന് വെക്കാന്‍ കോണ്‍ഗ്രസിന് പറ്റിയോ?; കെജരിവാളിന് അടുത്ത് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസ് : മുഖ്യമന്ത്രി

0

മലപ്പുറം: ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ കോണ്‍ഗ്രസും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോണ്ട് വഴി കിട്ടിയ പണം വേണ്ടെന്ന് വെക്കാന്‍ കോണ്‍ഗ്രസിന് പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇലക്ടറല്‍ ബോണ്ട് ബിജെപി തുടക്കം കുറിച്ച വന്‍ അഴിമതിയാണ്. അതില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിഞ്ഞ് നിന്നില്ല. ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം കിട്ടിയത് ബിജെപിക്കാണ്. അതിലെ രണ്ടാം സ്ഥാനക്കാരാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി മലപ്പുറം പെരിന്തല്‍മണ്ണയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

സാൻ്റിയാഗോ മാർട്ടിൻ 1368 കോടിയാണ് ഇലക്ടറൽ ബോണ്ട് നൽകിയത്. ഇതിൽ 50 കോടി കിട്ടിയത് കോൺഗ്രസിനാണ്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കേന്ദ്ര സർക്കാരിന് ഇത് പുറത്തു വരരുതെന്ന് താൽപ്പര്യമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കുന്നു. ബിഎൽഎഫിനെ പോലുള്ള കമ്പനികളെ ഭീഷണിപ്പെടുത്തിയത് പുറത്തുവരികയാണ്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അടുത്തേക്ക് ഇഡി എത്തിയതിന് കാരണം കോൺഗ്രസാണ്. കെജരിവാളിനെതിരെ പൊലീസിൽ പരാതി നൽകിയത് കോൺഗ്രസാണ്. കോൺഗ്രസുകാരല്ലാത്ത പ്രതിപക്ഷനേതാക്കളെ കുടുക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് പിന്തുണക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ പൊതുവായ തകർച്ച രാജ്യത്ത് കാണാനാകും. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി ശക്തമാകുന്ന സ്ഥിതിയാണ്.

സംഘപരിവാറിനോട് സമരസപ്പെടുന്ന പാർട്ടിയായി കോൺഗ്രസ് മാറി. സംഘപരിവാറിൻ്റെ വർഗീയതയെ എതിർക്കാത്ത നിലപാട് കോൺഗ്രസ് സ്വീകരിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം ബിജെപിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാകൂ. മനുവിൻ്റെ നിയമമാണ് ഹിന്ദുവിൻ്റെ നിയമമെന്ന് സവർക്കർ പറഞ്ഞു. ഭരണഘടന ഉണ്ടായ കാലം തൊട്ട് ആർഎസ്എസ് അതിനെതിരെ പ്രചാരണം തുടങ്ങിയതാണ്. മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കാനോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply