ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; ഒന്നാംഘട്ടത്തില്‍ 59.71 ശതമാനം; ബിഹാര്‍ പിന്നില്‍

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

ത്രിപുരയിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയത്. 76.10 ശതമാനമാണ് പോളിങ്. ബംഗാളില്‍ 77.57 ശതമാനവും ബിഹാറില്‍ 46.32 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 66.04 ശതമാനമായിരുന്നു.

തമിഴ്‌നാട്ടില്‍ 62.08 ശതമാനമാണ് പോളിങ്. ഉത്തരാഖണ്ഡില്‍ 53 ശതമാനവും ഉത്തര്‍പ്രദേശില്‍ 57.54 ശതമാനവും മണിപ്പൂരില്‍ 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here