ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സുകുമാർ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് 15ന് പുഷ്പ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
2021ല്‍ പുറത്തിറങ്ങിയ പാന്‍- ഇന്ത്യന്‍ ചിത്രം ‘പുഷ്പ ; ദ റൈസ്’ ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2; ദ റൂൾ’. ചന്ദനക്കടത്തുകാരന്‍ പുഷ്പരാജായി വന്ന അല്ലു അർജുന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. റെക്കോർഡ് കലക്ഷനും ചിത്രം സ്വന്തമാക്കി. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലാനായി എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായിക.രണ്ടാം ഭാഗമായ ‘പുഷ്പ 2’ന്റെ ഗ്ലിംപ്സ് വീഡിയോ കഴിഞ്ഞ വര്‍ഷം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. യുട്യൂബിലെ സകല റെക്കോർഡും തകർത്ത് മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചത്. സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് പുഷ്പ 2 നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്.