തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകി എസ്‌സി-എസ്‌ടി കമ്മിഷൻ. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിഷന്റെ നിർദേശം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ അധിക്ഷേപ പരാമർശം നടത്തിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറഞ്ഞു.സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ കനത്ത രോഷമാണ് ഉയരുന്നത്. പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിനിടെ വംശീയ, ജാതിയധിക്ഷേപം തുടര്‍ന്ന് സത്യഭാമ വീണ്ടും രംഗത്തെത്തിയിരുന്നു.