ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. അമൃത് രാംനാഥ് സംഗീതം ചെയ്ത ‘മധു പകരൂ’ എന്ന ഗാനം വിനീത് ശ്രീനിവാസൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഗസൽ മൂഡിലാണ് ഗാനത്തിന്റെ ചിത്രീകരണം. ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെൻഡിങ്ങിൽ ആയിട്ടുണ്ട്.
പ്രണവ് മോഹൻലാൽ ആണ് ഗാന രംഗത്തിൽ അഭിനയിക്കുന്നത്. സ്ക്രീനിൽ പ്രണവ് പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് പ്രണവ് പ്രത്യക്ഷപ്പെടുക എന്ന് ചിത്രത്തിന്റെ ടീസർ സൂചന നൽകിയിരുന്നു. പ്രണവിനൊപ്പം ധ്യാനും നിവിൻ പോളിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.
അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് തിയറ്ററിലെത്തും.