സര്‍ക്കാര്‍ മതവിദ്യാഭ്യാസം നടത്തേണ്ട, ഭരണകൂടം മതേതരമാകണം: അലഹബാദ് ഹൈക്കോടതി

0

അലഹബാദ്: ഒരു പ്രത്യേക മതത്തിനും അതുമായി ബന്ധപ്പെട്ട ആശയത്തിനുമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത് മതേതരത്വത്തെ ഇല്ലാതാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2004 ലെ യുപി മദ്രസ എജ്യൂക്കേഷന്‍ ആക്ട് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച വിധിയിലാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയിരിക്കുന്നത്.

ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയും അടങ്ങുന്ന ബെഞ്ചിന്റേതായാരുന്നു വിധി.

മത വിദ്യാഭ്യാസത്തിനായി ഒരു ബോര്‍ഡ് രൂപീകരിക്കാനോ ഒരു പ്രത്യേക മതത്തിനും അതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രത്തിനും വേണ്ടി മാത്രം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കാനോ സംസ്ഥാനത്തിന് അധികാരമില്ല. സ്‌റ്റേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഏതൊരു നടപടിയും മതേതരത്വത്തിന്റെ തത്വങ്ങളെ ലംഘിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ വ്യക്തികള്‍ക്കും തുല്യ പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും കോടതി സൂചിപ്പിച്ചു.

‘ഈ രാജ്യത്തെ പൗരന്മാര്‍ക്കാണ് തങ്ങളുടെ മതവും അതിന്റെ മൂല്യങ്ങളും പ്രചരിപ്പിക്കാനും പ്രചരിപ്പിക്കാനും അവകാശമുള്ളത്. ഈ രാജ്യത്തെ ഒരു പൗരന് സ്വന്തം മതത്തിലോ മറ്റേതെങ്കിലും മതത്തിലോ അല്ലെങ്കില്‍ മറ്റെല്ലാ മതത്തിലുമോ വിശ്വസിക്കാം. പക്ഷേ, ഭരണകൂടത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഭരണകൂടം മതേതരമായി നിലകൊള്ളണം. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുകയും പരിഗണിക്കുകയും വേണമെന്നും വിധിയില്‍ പറയുന്നു.

ഭരണകൂടത്തിന് അതിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഒരു തരത്തിലും മതങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കാനാവില്ല. 2004ലെ നിയമത്തിന്റെ നിയമസാധുതയെയും കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (ഭേദഗതി) നിയമത്തിലെ 2012ലെ ചില വ്യവസ്ഥകള്‍ എന്നിവ ചോദ്യം ചെയ്ത് അന്‍ഷുമാന്‍ സിങ് റാത്തോഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പകരം മദ്രസ ബോര്‍ഡ് ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി നേരത്തെ മറുപടി ആരാഞ്ഞിരുന്നു.

Leave a Reply