കാത്തിരിപ്പിന്റെ 5 വര്‍ഷങ്ങള്‍! ആദ്യ ടെസ്റ്റ് വിജയം; ചരിത്രത്തില്‍ കൈയൊപ്പ് പതിച്ച് അയര്‍ലന്‍ഡും

0

ടോളറന്‍സ് ഓവല്‍: അഞ്ച് വര്‍ഷം, 10 മാസം, 20 ദിവസം! ഒടുവില്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ചരിത്രത്തിലേക്ക് തങ്ങളുടെ പേരും എഴുതി ചേര്‍ത്തു. ടെസ്റ്റ് പദവി ലഭിച്ച ശേഷം അയര്‍ലന്‍ഡ് ആദ്യമായി ഒരു ടെസ്റ്റ് മത്സരം വിജയിച്ചു. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിനു വീഴ്ത്തിയാണ് അവര്‍ ഐതിഹാസിക വിജയം തൊട്ടത്.

അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 218 റണ്‍സും കണ്ടെത്തി. അയര്‍ലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സെടുത്തു. 108 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. വിജയത്തിനാവശ്യമായ 111 റണ്‍സ് അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ നേടുകയും ചെയ്തു.വിജയത്തിനൊപ്പം ഒരു അപൂര്‍വ നേട്ടവും അവര്‍ സ്വന്തമാക്കി. ടെസ്റ്റ് പദവി ലഭിച്ച ശേഷം ഏറ്റവും കുറച്ചു മത്സരങ്ങളില്‍ നിന്നു ആദ്യ വിജയമെന്ന ടീം പട്ടികയില്‍ അവര്‍ ചില വമ്പന്‍മാരെ പിന്നിലാക്കി. ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെയാണ് അവര്‍ പിന്നിലാക്കിയത്.

എട്ടാം ടെസ്റ്റിലാണ് അയര്‍ലന്‍ഡ് ആദ്യ വിജയം നേടുന്നത്. കളിച്ച ആദ്യ ടെസ്റ്റ് വിജയിച്ച ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍, ആറാം ടെസ്റ്റില്‍ വിജയം കണ്ട വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ മാത്രമാണ് നേട്ടത്തില്‍ അയര്‍ലന്‍ഡിനു മുന്നിലുള്ളത്.

ന്യൂസിലന്‍ഡ് 45ാം ടെസ്റ്റിലും ബംഗ്ലാദേശ് 35ാം ടെസ്റ്റിലും ഇന്ത്യ 25ാം ടെസ്റ്റിലുമാണ് ആദ്യ ജയം തൊട്ടത്. ദക്ഷിണാഫ്രിക്ക 12ാം ടെസ്റ്റിലാണ് വിജയിച്ചത്. സിംബാബ്‌വെ 11ാം ടെസ്റ്റിലും.

വിജയത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡ് 13 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഓപ്പണറും ക്യാപ്റ്റനുമായ അന്‍ഡി ബാല്‍ബിര്‍നി പുറത്താകാതെ അര്‍ധ സെഞ്ച്വറി (58) നേടി ടീമിനെ വിജയത്തിലേക്ക് മുന്നില്‍ നിന്നു തന്നെ നയിച്ചു. 27 റണ്‍സുമായി പുറത്താകാതെ നിന്നു ലോറന്‍ ടക്കര്‍ ക്യാപ്റ്റനെ പിന്തുണയ്ക്കുകയും ചെയ്തു.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും അഫ്ഗാന്‍ വിക്കറ്റുകള്‍ വീഴ്ത്തി മാര്‍ക് അഡയറും വിജയത്തില്‍ നിര്‍ണായകമായി. ചരിത്ര ടെസ്റ്റില്‍ താരമാണ് മാന്‍ ഓഫ് ദി മാച്ച്.

Leave a Reply