നാളെ 77,44,054 കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കും

0

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിര നശീകരണ ഗുളിക നല്‍കും. സ്‌കുളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്ന് ഗുളിക നല്‍കും. സ്‌കൂളിലെത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി വിതരണം ചെയ്യും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യമിടുന്നത്. 1 മുതല്‍ 2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നല്‍കും. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. എന്നാല്‍ വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here