രാജ്‌കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് രാജ് കോട്ടില്‍ തുടക്കമാകും. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്‌കോട്ടിലെ പിച്ച് തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കില്‍ നിന്നും മോചിതനായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നു. വിരാട് കോഹ് ലിയും ലോകേഷ് രാഹുലും കളിക്കാത്തത് മധ്യനിരയെ ദുര്‍ബലമാക്കുന്നു. ജഡേജ കളിച്ചില്ലെങ്കില്‍ സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും.
മികച്ച പ്രകടനം പുറത്തെടുക്കാത്ത വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ യുവ കീപ്പര്‍ ധ്രുവ് ജുറെലിനും അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. കെ എല്‍ രാഹുലിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുവ സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരം മാര്‍ക്ക് വുഡ് കളിക്കും. രണ്ടാം ടെസ്റ്റില്‍ വുഡ് കളിച്ചിരുന്നില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം വുഡ് ഇംഗ്ലീഷ് പേസാക്രമണത്തെ നയിക്കും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.