അന്വേഷണത്തിന് എതിരായ വാദങ്ങളില്‍ കഴമ്പില്ല; എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത് ചട്ടപ്രകാരം; എക്‌സാലോജിക് വിധിന്യായം പുറത്ത്

0

ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടത്തുന്നതിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇടപാടുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ എസ്എഫ്‌ഐഒയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന വിധിന്യായത്തില്‍ വ്യക്തമാക്കി.

എക്‌സാലോജിക്കിന്റെ ഹര്‍ജി തള്ളി ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ഇന്നാണ് വിധിന്യായം സൈറ്റില്‍ അപ്ലോഡ് ചെയ്തത്.രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കമ്പനീസ് ആക്ട് 210-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും അതിനിടെ 212ാം വകുപ്പു പ്രകാരം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത് നിലനില്‍ക്കില്ലെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. എന്നാല്‍ കോടതി ഇത് തള്ളി. 210-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കാം. എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റും കൈമാറാന്‍ മറ്റ് അന്വേഷണ സംഘങ്ങള്‍ നിയമപ്രകാരം ബാധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഇരട്ട അന്വേഷണം എന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് 46 പേജുള്ള വിധിന്യായത്തില്‍ കോടതി പറഞ്ഞു.

എസ്എഫ്‌ഐഒയുടെ ചുമതലകള്‍ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. അതിന് അനുസൃതമായാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മറിച്ചുള്ള വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here