‘വീട്ടില്‍ ചെന്ന് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് താഴെ തട്ടില്‍ ഉള്ളവര്‍ക്ക് സന്ദേശം നല്‍കാന്‍’; ഷാഫി പറമ്പില്‍

0

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. നവകേരള സദസ്സ് പൊളിഞ്ഞു പോയതിന്റെ ജാള്യത മറയ്ക്കാനാണ് അറസ്റ്റ് നാടകമെന്ന ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. വീട്ടില്‍ ചെന്ന് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് താഴെ തട്ടില്‍ ഉള്ളവര്‍ക്ക് സന്ദേശം നല്‍കാനാണ്. ഇതിന് മുഖ്യമന്ത്രി നേരിട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്. പിണറായി വിജയനും അടിമകളായ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ നാടകം നടത്തുന്നത് എന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണ് ശ്രമമെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും ഷാഫി പറമ്പില്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ സമര പരമ്പരകള്‍ തന്നെ നടക്കും. അവര്‍ ഓമനിക്കുമെന്നു കരുതി സമരത്തിന് ഇറങ്ങുന്നവര്‍ അല്ല തങ്ങള്‍ എന്നും എംഎല്‍എ വ്യക്തമാക്കി. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത തനിക്കെതിരെ പോലും കേസ് എടുത്തു. ഗവര്‍ണര്‍ക്കെതിരെയുളള രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസ് എടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയമായി കോണ്‍ഗ്രസ് നേരിടുന്നത് ബിജെപിയെ ആണെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവികളുടെ കാര്യാലയത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കക ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷന്‍സ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. ജനുവരി ഒമ്പതിന് സെക്രട്ടറിയേറ്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കക രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here