‘ടീസറിലെ ഗാനം പിന്‍വലിക്കണം’; രജനീകാന്തിന്റെ ‘കൂലി’ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

0

രജനീകാന്തിന്റെ പുതിയ ചിത്രം കൂലിക്കെതിരെ നിയമനടപടിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയ്‌ക്കെതിരെയാണ് ഇളയരാജ വക്കീല്‍നോട്ടീസ് അയച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ താന്‍ സംഗീതം നല്‍കിയ പഴയ പാട്ട് ഉപയോഗിച്ചതിനെതിരെയാണ് സംഗീത സംവിധായകന്‍ രംഗത്തെത്തിയത്.

ഒരാഴ്ച മുന്‍പാണ് രജനീകാന്തിന്റെ 171ാം ചിത്രമായ കൂലിയുടെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നത്. 1983ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ എന്ന ഗാനത്തിനൊപ്പമാണ് ടീസര്‍ എത്തിയത്. തന്റെ അനുവാദമില്ലാതെ താന്‍ സംഗീതം നല്‍കിയ ഗാനം ഉപയോഗിച്ചു എന്നാരോപിച്ചാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചത്.

പ്രമോയില്‍ നിന്ന് ഗാനം നീക്കുകയോ ഗാനം ഉപയോഗിക്കാനുള്ള അനുമതി തന്നില്‍ നിന്ന് വാങ്ങുകയോ ചെയ്യണം എന്നാണ് ഇളയരാജ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം നോട്ടീസില്‍ പറയുന്നത്. സംഗീതത്തിന്‍റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ഇളയരാജ കൂലിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.രജനീകാന്ത് തന്നെ നായകനായി എത്തിയ തങ്കമഗന്‍ എന്ന ചിത്രത്തിലെ വാവാ പക്കം വാ എന്ന ഗാനത്തിലെ ഒരു ഭാഗമാണ് പ്രമോയില്‍ ഉപയോഗിച്ചിരിക്കുന്നത്. എസ്പി ബാലസുബ്രഹ്മണ്യവും വാണി ജയറാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുത്തുലിംഗമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here