ജപ്പാന്‍ ഭൂകമ്പം: മരണം 48 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

0

 

ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയതായി റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആയിരത്തോളം രക്ഷാപ്രവര്‍ത്തകാണ് കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

 

ഇഷികാവയില്‍ 48 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം വീടുകളുടെ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. അത് ഉടനടി വിലയിരുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭവനം നഷ്ടപ്പെട്ടവര്‍ക്കാവശ്യമായ

ഭക്ഷണം, വെള്ളം, പുതപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ജാപ്പനീസ് സൈന്യം കൈമാറി. അതെസമയം ആവശ്യമായ ഏത് സഹായവും നല്‍കാന്‍ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

 

ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി പോരാട്ടത്തിലാണെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ സജ്ജമാക്കിയതായി ജപ്പാന്‍ പ്രതിരോധമന്ത്രി അറിയിച്ചു.

 

നിലവില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here