അധ്യാപകന്റെ കെെവെട്ട് കേസ്; ഒന്നാം പ്രതി കണ്ണൂരിൽ പിടിയിൽ

0

 

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ എൻഐഎയുടെ പിടിയിലായി. സംഭവം നടന്ന 2010 ജൂലൈ 4ന് ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താൻ ഇനിസാധ്യതയില്ലെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്.

 

ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ‌ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

 

കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

 

അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.

 

ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു. കേരളപോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുക്കുന്നത്.

കേസിൽ ആദ്യ ഘട്ടത്തിൽ പിടിയിലായ 31 പേരുടെ വിചാരണ 2015ൽ പൂർത്തിയായി. 13 പേരെ അന്ന് ശിക്ഷിച്ചു. രണ്ടാം ഘട്ടത്തിൽ പിന്നീട് കീഴടങ്ങിയവരും പിടികൂടിയവരുമായി 11 പേരെ വിചാരണ ചെയ്തു.2023 ൽ ഇവരിൽ 6 പേരെ ശിക്ഷിച്ചു.അതിൽ 3 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഒന്നാം പ്രതി സവാദ് മാത്രമാണ് പിടിയിലാകാനുണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here