മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ; സർക്കാരിന് ആത്മാർഥതയില്ലെന്ന വിമർശനവുമായി ഹൈക്കോടതി

0

കൊച്ചി : മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്നു ഹൈക്കോടതിയുടെ വിമർശനം. കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേൽനോട്ടത്തിനായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മിഷണറും ദുരന്തനിവാരണ കമ്മിഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

 

കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കുന്നതിൽ പോലും വീഴ്ചയുണ്ടായെന്നു കോടതി ചൂണ്ടിക്കാട്ടി. സമിതിയുടെ ആദ്യ റിപ്പോർട്ട് 31നു നൽകണം. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ സ്പെഷൽ റവന്യു ഓഫിസിലെ തഹസിൽദാർക്കു വാഹനവും ആവശ്യത്തിനു ജീവനക്കാരെയും അനുവദിക്കണം.

 

ഇടുക്കിയിലെ ഭൂമി കയ്യേറ്റവും വ്യാജരേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടു രണ്ടു പതിറ്റാണ്ടോളമായി. എന്നാൽ കയ്യേറ്റമൊഴിപ്പിക്കൽ സമയബന്ധിത നടപടിയെടുക്കുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും ഇതിനു നിയോഗിച്ചിട്ടില്ല. ഇപ്പോഴും സർക്കാർ സമയം ചോദിക്കുകയാണ്. 1964ൽ ഭൂപതിവ് ചട്ടം കൊണ്ടുവന്നപ്പോൾ ഉദ്ദേശം പൊതുതാൽപര്യമായിരുന്നു. എന്നാൽ 1971ലെ ഭേദഗതിയിലൂടെ കയ്യേറ്റക്കാർക്കും ഭൂമി പതിച്ചുനൽകുന്ന സാഹചര്യമുണ്ടായെന്നും കോടതി വിമർശിച്ചു.

 

ചട്ടഭേദഗതിയുടെ നിയമസാധുത പരിശോധിക്കും എന്ന് അഭിപ്രായപ്പെട്ട കോടതി ചീഫ് സെക്രട്ടറിക്കു നോട്ടിസ് നൽകാനും നിർദേശിച്ചു. അഡ്വക്കറ്റ് ജനറൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവന്റെ റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് അടക്കമുള്ള സംഘടനകൾ നൽകിയ ഹർജികളിലാണ് ഇടക്കാല ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here