‘ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ ഭേദമാകുമെന്ന് വിശ്വാസം’; അഞ്ചുവയസുകാരന് ദാരുണാന്ത്യം

0

ഡെറാഡൂണ്‍: കാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബമാണ് ഹര്‍ കി പൗരിയില്‍ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ‘കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും അത് എന്റെ ഉറപ്പാണ്’- എന്ന തരത്തില്‍ പരസ്പര വിരുദ്ധമായാണ് കുട്ടിയുടെ അമ്മ ഇതിന് പിന്നാലെ സംസാരിച്ചത്.

കുട്ടി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഗംഗാ നദിയില്‍ സ്‌നാനം നടത്തിയാല്‍ കുട്ടിയുടെ അസുഖം മാറുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇവിടെ എത്തിയത് എന്ന് പൊലീസ് പറയുന്നു. കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും പ്രതീക്ഷ കൈവിട്ട നിലയിലായിരുന്നു അവരുടെ പ്രതികരണമെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതായി എസ്പി സ്വതന്ത്ര കുമാര്‍ സിങ് പറയുന്നു. ഇതിനെ തുടര്‍ന്ന് എങ്ങനെയെങ്കിലും മകന്റെ അസുഖം മാറാന്‍ ഗംഗയില്‍ കുട്ടിയുടെ സ്‌നാനം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗംഗയില്‍ മുക്കിയാല്‍ അസുഖം മാറുമെന്ന് മറ്റുള്ളവര്‍ പറഞ്ഞത് കേട്ടാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നത്. ഡല്‍ഹിയില്‍ നിന്ന് കാറില്‍ കയറുമ്പോള്‍ മുതല്‍ കുട്ടി അവശനിലയിലായിരുന്നുവെന്ന് ടാക്‌സി ഡ്രൈവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply