15 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചുകടത്തിയത് വാടക വീട്ടിൽ നിന്ന്; പ്രതി അറസ്റ്റിൽ

0


തിരുവനന്തപുരം: വാടക വീട്ടിൽ നിന്ന് 15 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചുകടത്തിയ പ്രതി പിടിയിൽ. പെരുമ്പാവൂർ കുവ്വപ്പടി മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബുവാണ്(44) പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചുകടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. ബന്ധുക്കളുടെ പരാതിയിൽ കിളിമാനൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യു.കെയിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിൽ കാട്ടുചന്ത തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് പ്രതി മുറിച്ചുകടത്തിയത്. റബർ ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി കാട്ടുചന്ത തലവിളയിലെ വീട്ടിലാണ് വാടകക്ക് താമസിച്ചുവരുന്നത്. 15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, രണ്ട് പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് പല ദിവസങ്ങളിലായി പ്രതി മുറിച്ചുകടത്തിയത്.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുറിച്ചുകടത്തിയ തടികളുടെ 50 ശതമാനം ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതി യെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply