വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍

0

 

തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പൊലീസിനെതിരെ വിമര്‍ശനമുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

 

ശബരിമല വിഷയത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടില്‍ ആളുകള്‍ വരുന്നുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ വേഗത്തില്‍ പരിഹരിക്കുന്നുണ്ട്. വിമര്‍ശനമുണ്ടെങ്കില്‍ പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസുമെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

 

വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പ്രതിയെ രക്ഷപ്പെടുത്താന്‍ ഉന്നത തല ഗൂഢാലോചന നടന്നു. ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എംപി ആരോപിച്ചു. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here