ചെറു പായ്ക്കറ്റുകളിലാക്കി ലഹരി മരുന്ന് വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശിയെ പിടികൂടി പോലീസ്

0

കോഴിക്കോട്: ലഹരി മരുന്ന് വിൽപ്പന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പെരുവയൽ ബസാർ കേന്ദ്രീകരിച്ചാണ് ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയത്. മുർഷിദാബാദ് മുജമ്മൽ ഹക്കാണ് (34) 48ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പി യുടെ നേതൃത്വലുള്ള മാവൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നുമാണ് വിൽപനക്കായി ബ്രൗൺ ഷുഗർ കൊണ്ട് വന്നത്. ചെറു പായ്ക്കറ്റു കളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. പെരുവയൽ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്വാഡ് ആഴ്ചകളായി പെരുവയൽ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചു വരവെയാണ് ഇയാൾ വലയിലായത്.

പിടിയിലായ മുജമ്മൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളെപ്പറ്റി സംശയം തോന്നിയിരുന്നില്ല. രാവിലെ കൂലി പണിക്ക് പോകുന്ന രീതിയിൽ ബസാറിൽ വന്നിട്ടാണ് ബ്രൗൺ ഷുഗർ വിൽപന നടത്താറുണ്ടായിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാവൂർ സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ നീരീക്ഷണം ഊർജിതമാക്കുമെന്ന് മാവൂർ പൊലീസ് ഇൻസ്പെക്ടർ പി. രാജേഷ് പറഞ്ഞു.

നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്മാൻ. കെ , അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ , അർജുൻ അജിത്ത്, മാവൂർ സ്റ്റേഷനിലെ എസ്.ഐ കോയകുട്ടി. പി എസ്.ഐ പുഷ്പ ചന്ദ്രൻ. എസ്.സി പി ഒ മാരായ മോഹനൻ , അനൂപ് കെ എന്നിവർ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here